ലാഹോര്‍: മോശം അമ്പയറിങില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ കപ്പിനിടെ ഇറങ്ങിപ്പോയ യൂനിസ് ഖാന്‍ ഒടുവില്‍ മാപ്പ് പറഞ്ഞു നടപടികളില്‍ നിന്നു തലയൂരി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ശഹ്‌രിയാര്‍ ഖാനെ വിളിച്ച് മാപ്പ് പറഞ്ഞതോടെയാണ് വിലക്ക് ഒഴിവായത്. മോശം പെരുമാറ്റത്തെ തുടര്‍ന്ന് 38 കാരനായ യൂനിസിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയീടാക്കാനും മൂന്നു മുതല്‍ അഞ്ച് മത്സരങ്ങള്‍ക്ക് വരെ വിലക്ക് ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. യൂനിസ് മാപ്പ് പറഞ്ഞതായി പിസിബി സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഖയ്ബര്‍ പക്തുംഗ ടീമിന്റെ ക്യാപ്റ്റനായിരുന്നു യൂനിസ്. പഞ്ചാബിനെതിരേ നടന്ന മത്സരത്തിനിടെ അമ്പയര്‍ ഷൊസാബ് റസാഖിന്റെ തീരുമാനങ്ങളില്‍ പലതിലും വലിയ അപാകതയുണ്ടായിരുന്നുവെന്ന് യൂനിസ് മത്സരശേഷം ആരോപിച്ചിരുന്നു. പരസ്യ പ്രസ്താവന നടത്തിയതിന് പിസിബി യൂനിസിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ താരം ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ കളിക്കാന്‍ നില്‍ക്കാതെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അഹമ്മദ് ഷെഹ്‌സാദാണ് പിന്നീടുള്ള മത്സരങ്ങളില്‍ ടീമിനെ നയിച്ചത്.