കറാച്ചി: പാക് ക്രിക്കറ്റ് താരം യൂനിസ് ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ 17 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്ന് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ യൂനിസ് പറഞ്ഞു.
വിരമിക്കല്‍ തീരുമാനത്തിലെത്തുക എന്നത് കഠിനമാണ്. എല്ലാ കായിക താരങ്ങളുടെ ജീവതത്തിലും ഇത്തരമൊരു സമയം വരും. രാജ്യത്തിന് വേണ്ടി കളിച്ചപ്പോഴെല്ലാം പരമാവധി കഴിവുകള്‍ പ്രയോഗിച്ചിരുന്നു. എല്ലാ കാലവും നമ്മുക്ക് ശാരീരികക്ഷമത നിലനിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ വിരമിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് കരുതുന്നുവെന്നും യൂനിസ് പ്രതികരിച്ചു.
മൂന്ന് ടെസ്റ്റുകളാണ് വിന്‍ഡീസിനെതിരേ പാക്കിസ്ഥാന്‍ കളിക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപിച്ച യൂനിസ് ചരിത്ര നേട്ടത്തിനരികിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍സ് നേടുന്ന പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ എന്ന റിക്കാര്‍ഡിന് 23 റണ്‍സ് അകലം മാത്രമേ യൂനിസിനുള്ളൂ.
39 വയസുകാരനായ യൂനിസ് 115 ടെസ്റ്റില്‍ പാക്കിസ്ഥാന് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. 53.06 ശരാശരിയില്‍ 9,977 റണ്‍സാണ് ഇതുവരെയുള്ള സമ്പാദ്യം. 34 സെഞ്ചുറികളും 32 അര്‍ധ സെഞ്ചുറികളും യൂനിസ് ടെസ്റ്റില്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ഏകദിന ക്രിക്കറ്റിനോട് നേരത്തെ വിടപറഞ്ഞ യൂനിസ് 265 മത്സരങ്ങളില്‍ നിന്ന് 7,249 റണ്‍സ് സ്‌കോര്‍ ചെയ്തു.