ജോലി സംബന്ധമായി വിവിധങ്ങളായ മീറ്റിങുകളില്‍ പങ്കെടുക്കാന്‍ പാടുപെടുന്നവര്‍ക്കായി എഐ അധിഷ്ടിത സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ടെക്ക് കമ്പനിയായ ഓട്ടര്‍. എല്ലാ യോഗത്തിലും പാടുപെട്ട് പങ്കെടുക്കുന്നതിന് പകരം ഓരോന്നിലും നിങ്ങളുടെ തന്നെ എഐ അവതാറുകളെ പങ്കെടുപ്പിക്കാന്‍ സാധിക്കും. ആ അവതാറിന് നിങ്ങളെ പോലെ പെരുമാറാനും, സംസാരിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കും. ദിവസേന 10 യോഗങ്ങളില്‍ എങ്കിലും പങ്കെടുക്കേണ്ട സ്ഥിതി വന്നപ്പോഴാണ് ഓട്ടര്‍ മേധാവി സാം ലിയാങ്ങിന്റെ മനസില്‍ ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ പ്രോട്ടോ ടൈപ്പ് നിര്‍മിക്കാനാകുമെന്ന് ലിയാങ് പറയുന്നു.
വിവിധ ഡാറ്റാ സെറ്റുകള്‍ നല്‍കി പരിശീപ്പിച്ചാണ് എഐ മോഡലുകളെ മനുഷ്യനെ പോലെ പെരുമാറാന്‍ പ്രാപ്തരാക്കുന്നത്. മീറ്റിങ്ങുകളില്‍ പങ്കെടുക്കാനാവുന്ന എഐ അവതാറുകളെ നിര്‍മിക്കുന്നതിന് ആ വ്യക്തി യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ റെക്കോര്‍ഡുകളും വോയ്‌സ് ഡാറ്റയും നല്‍കി എഐയെ പരിശീലിപ്പിക്കണം. ഇതുവഴി എഐയ്ക്ക് ആ വ്യക്തിയെ പോലെ സംസാരിക്കാനാവും. ജീവനക്കാരന്റെ ശൈലിയിലാവും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക. ലിയാങ് പറഞ്ഞു.
ഇപ്പോള്‍ ഈ സാങ്കേതികവിദ്യ നിര്‍മാണഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ യോഗത്തില്‍ ഉയര്‍ന്ന 90 ശതമാനം ചോദ്യങ്ങള്‍ക്കും എഐ അവതാർ ഉത്തരം പറഞ്ഞതായി കമ്പനി പറയുന്നു.
ജീവനക്കാരുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഇതിനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എങ്കിലും ആവശ്യമുള്ളപ്പോള്‍ യോഗത്തില്‍ ഇടപെട്ട് സംസാരിക്കുക, ആവശ്യമുള്ളപ്പോള്‍ ശാന്തനായിരിക്കുക തുടങ്ങിയ വൈകാരികമായ ഇടപെടലുകള്‍ക്ക് അവതാറിനെ പ്രാപ്തമാക്കുന്നത് വലിയൊരു വെല്ലുവിളിയാണെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സാങ്കേതിക വിദ്യാ രംഗത്ത് എഐയുടെ പലവിധ സാധ്യതകള്‍ പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ എഐയുടെ വ്യാപനത്തില്‍ വലിയ ആശങ്കയും ഉയരുന്നുണ്ട്.