യെസ് ബാങ്ക് നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അവരുടെ നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ഉറപ്പുനല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘യെസ് ബാങ്ക് പ്രതിസന്ധിയില്‍ ആര്‍ബിഐയുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ട’, യെസ് ബാങ്ക് പ്രതിസന്ധിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു.
‘യെസ് ബാങ്ക് നിക്ഷേപകരുടെ പണം ഒരു കാരണവശാലും നഷ്ടപ്പെടില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. യെസ് ബാങ്ക് പ്രതിസന്ധിയില്‍ ആര്‍ബിഐയും, സര്‍ക്കാരും വിശദമായി പരിശോധിക്കുന്നുണ്ട്. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്’, നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
അതിവേഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാക്കാന്‍ ആര്‍ബിഐ പ്രവര്‍ത്തിച്ച് വരികയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. നിക്ഷേപകരുടെയും, ബാങ്കിന്റെയും, സമ്പദ് വ്യവസ്ഥയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാണ് നടപടികള്‍. 50,000 രൂപയ്ക്ക് അകത്ത് കസ്റ്റമേഴ്‌സിന് പിന്‍വലിക്കാവുന്നതിനാണ് അടിയന്തര പ്രാധാന്യം നല്‍കിയത്, ധനമന്ത്രി പറഞ്ഞു.
വ്യാഴാഴ്ചയാണ് യെസ് ബാങ്കിനെ ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഒരു മാസത്തേക്ക് ഉപഭോക്താക്കള്‍ക്ക് 50,000 രൂപ പിന്‍വലിക്കാമെന്നും നിബന്ധന വെച്ചു. അതേസമയം വിവാഹം, ആരോഗ്യ പ്രശ്‌നങ്ങള്‍, തുടങ്ങിയവയ്ക്ക് ഇളവുകള്‍ നല്‍കുമെന്നും ആര്‍ബിഐ പറഞ്ഞു.
20,000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും, വാടക അടയ്ക്കാനും ബാങ്കിന് അനുമതിയുണ്ട്. ഇതിനപ്പുറം പുതിയ ലോണുകള്‍ അനുവദിക്കാനും, പുതുക്കാനും, പുതിയ നിക്ഷേപം നടത്താനുമൊന്നും യെസ് ബാങ്കിന് കഴിയില്ല.