തിരുവനന്തപുരം: ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച പതിനേഴുകാരന് പിടിയില്‍. സൈബര്‍ പൊലീസാണ് രാജസ്ഥാന് സ്വദേശിയായ പതിനേഴുകാരനെ പിടികൂടിയത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്കിയ ഫോണുപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള ഫോട്ടോകൾ ശേഖരിച്ച് അക്കൗണ്ടുണ്ടാക്കി വ്യക്തികള്‍ക്ക് റിക്വസ്റ്റ് അയയ്ക്കും. തുടര്ന്ന്പല കാരണങ്ങൾ പറഞ്ഞ് ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് കൃത്യത്തിന്റെ രീതി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം രണ്ട് രാജസ്ഥാന് സ്വദേശികളെ ഓണ്‍ലൈന്‍ ഹണി ട്രാപ്പ് നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. നഹർസിംഗ്, സുഖ്ദേവ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഗൂഗിള്‍ തുടങ്ങിയ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും രാജസ്ഥാനിലെ ഗ്രാമങ്ങള്‍ തോറും വിശദമായ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.