കണ്ണൂര്‍: ചലച്ചിത്രതാരം സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളുമായി സംസാരിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍. മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22)ആണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.
സഹോദരന് വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിക്കുന്നതായും സനുഷയോട് പല നടികളും പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ നമ്പര്‍ പരിശോധിച്ച സനുഷ ഇത് തന്റെ അനുജന്റെ നമ്പര്‍ അല്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് പിതാവ് സന്തോഷ് കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ ഒരുമാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. സിം കാര്‍ഡിന്റെ ഉടമയെ തേടിയുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് മലപ്പുറം ജില്ലയിലായിരുന്നു. ഒരു സ്ത്രീയുടെ പേരിലായിരുന്നു സിം കാര്‍ഡ്. അവരുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയല്ലെന്ന് പോലീസിനു മനസിലായി.
ഇതോടെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അവര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട് മാറിയപ്പോള്‍ സിം കാര്‍ഡ് നഷ്ടമായിരുന്നതായി അറിഞ്ഞു.ഇതോടെ നമ്പര്‍ പിന്തുടര്ന്ന് പോലീസ് മലപ്പുറത്തുള്ള 22 വയസ്സുള്ള മറ്റൊരു യുവാവില്‍ എത്തിച്ചേര്‍ന്നു. ബാലനടനെ ഏറെ ഇഷ്ടമുള്ളയാളാണ് താനെന്നും പത്താം ക്ലാസ് തോറ്റുകഴിയുന്ന സമയത്ത് എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ യുവാവ് വ്യക്തമാക്കി.
വാട്സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്.ഇയാള്‍ നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്. ടൗണ്‍ എസ്.ഐ. ബി.എസ്. ബാവിഷും സി.പി.ഒ. ബാബു പ്രസാദും അന്വേഷണസംഘത്തിലുണ്ട്.