തിരുവനന്തപുരം; സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. 50,000 രൂപയിൽനിന്ന് ഒരുലക്ഷമാക്കിയാണ് ഉയർത്തിയത്. നിലവിൽ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ചിന്താ ജെറോമാണ്. ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക അടക്കമാകും നൽകുക. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശമ്പള വർധന.
അതിനിടെ മുൻ അധ്യക്ഷനായ കോൺഗ്രസ് നേതാവ് ആർ.വി. രാജേഷും ശമ്പളകുശ്ശിക നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷൻ രൂപവത്കരിച്ചിത്. ആർ.വി. രാജേഷായിരുന്നു ആദ്യ ചെയർമാൻ. ഈ ഘട്ടത്തിൽ ചെയർമാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നൽകുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.
യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികൾ പൂർത്തിയാക്കാനായില്ല. ഇടതുസർക്കാർ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോൾ നിലവിലെ ചെയർമാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്.