തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. സർട്ടിഫിക്കറ്റ് തിരുത്താൻ കൂട്ട് നിന്നുവെന്ന മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഭിജിത്തിന്റെ തുറന്ന് പറച്ചിൽ ഉന്നയിച്ചാണ് പരാതി. യൂത്ത് കോൺഗ്രസാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്ത് സിപിഎമ്മിന്റേയും വർഗ ബഹുജന സംഘടനകളുടേയും വഴിവിട്ട പ്രവർത്തനങ്ങളിൽ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നത് രൂക്ഷ വിമർശനം. അതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ കുടുക്കിയുള്ള ശബ്ദരേഖ പുറത്ത് വരുന്നത്. പ്രായ പരിധി തീരുമാനം എസ്എഫ്ഐയിൽ നടപ്പാക്കിയപ്പോൾ പ്രായം കുറച്ച് കാണിക്കാൻ ഉപദേശിച്ചത് ആനാവൂർ നാഗപ്പനാണ് എന്നാണ് അഭിജിത്ത് വെളിപ്പെടുത്തിയത്. പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ കയ്യിലുണ്ടെന്നും അഭിജിത്തിൻറെ ശബ്ദരേഖയിൽ വെളിപ്പെടുത്തലുണ്ട്. അതേസമയം, അഭിജിത്തിൻറെ ആരോപണം ആനാവൂർ നാഗപ്പൻ നിഷേധിച്ചു.