യൂത്ത് കോൺഗ്രസ്സിൽ അംഗങ്ങൾ വളരെ കുറവ്, ഡി.വൈ.എഫ്.ഐയുമായി താരതമ്യത്തിനു പോലും പ്രസക്തിയില്ല

യൂത്ത് കോൺഗ്രസ്സ് എന്ന കോൺഗ്രസ്സ് പാർട്ടിയുടെ യുവജന സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഒരു മഹാ സംഭവമെന്ന നിലയ്ക്കാണ് മാധ്യമങ്ങൾ മത്സരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില ചാനലുകൾ പ്രത്യേക ചർച്ചകളും ഇതു സംബന്ധിച്ച് നടത്തുകയുണ്ടായി. ഇത്ര വലിയ പ്രാധാന്യം നൽകി ചർച്ച നടത്താൻ മാത്രം എന്ത് രാഷ്ട്രീയ പ്രാധാന്യമാണ് യൂത്ത് കോൺഗ്രസ്സിനുള്ളത് എന്നതിനു മാധ്യമങ്ങൾ തന്നെയാണ് മറുപടി നൽകേണ്ടത്. യൂത്ത് കോൺഗ്രസ്സ് അവകാശപ്പെടുന്ന പ്രകാരം ആകെ 7,29,626 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 2,16,462 എണ്ണവും അസാധുവായി എന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 6622 പേർ വോട്ട്​ ചെയ്തിട്ടില്ലന്ന കണക്കും ഇതോടൊപ്പം ബന്ധപ്പെട്ടവർ പുറത്തു വിട്ടിട്ടുണ്ട്. താഴെ തട്ടിൽ പോലും സംഘടന കമ്മറ്റികളില്ലാത്ത യൂത്ത് കോൺഗ്രസ്സ് എന്ത് ടെക്നോളജിയുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് വോട്ടെടുപ്പ് നടത്തിയതെന്നതിനും , കൂടുതൽ വിശദീകരണം ആവശ്യമാണ്.

ഏതൊരു സംഘടനയ്ക്കും ആദ്യം വേണ്ടത് ഏറ്റവും താഴെ തട്ടിലുള്ള കമ്മറ്റികളാണ്. എന്നാൽ നിരവധി വർഷങ്ങളായി യൂത്ത് കോൺഗ്രസ്സിന് ബൂത്ത് കമ്മറ്റിയോ പഞ്ചായത്ത് കമ്മറ്റിയോ ഇല്ലന്നതാണ് യാഥാർത്ഥ്യം. ആകെയുള്ളത് നിയോജക മണ്ഡലം കമ്മറ്റികളാണ്. അതിനു മുകളിൽ ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മറ്റിയുമാണ് പ്രവർത്തിക്കുന്നത്. യു.ഡി.എഫ് ഭരണത്തിൽ ഉള്ളപ്പോഴുള്ള അവസ്ഥയിൽ തന്നെയാണ് പ്രതിപക്ഷത്തുള്ളപ്പോഴും യൂത്ത് കോൺഗ്രസ്സ് ഉള്ളത്. കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനും എതിരെ ശക്തമായ ഒരു പ്രക്ഷോഭം നടത്താൻ പോലും പ്രതിപക്ഷത്തെ ഈ പ്രമുഖ യുവജന സംഘടനയ്ക്കു സാധിച്ചിട്ടില്ല. കോൺഗ്രസ്സിനെ പോലെ തന്നെ സംഘടനാപരമായ വലിയ തകർച്ചയെയാണ് യൂത്ത് കോൺഗ്രസ്സും നിലവിൽ അഭിമുഖീകരിക്കുന്നത്.

അഡ്വ. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായാലും ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ കുന്തമുനയായ ഷാഫി പറമ്പലിനു സാധിക്കാത്തത് രാഹുൽ മാങ്കൂട്ടത്തിനു സാധിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് അണികൾ പോലും വിശ്വസിക്കുകയില്ല. സംഘടനാ തിരഞ്ഞെടുപ്പിൽ 2,21,986 വോട്ടുകൾ നേടി വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും 1,68,588 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയ ഐ ഗ്രൂപ്പിലെ അഡ്വ. അബിൻ വർക്കിയും കോൺഗ്രസ്സിന്റെ പ്രധാന ചാനൽ മുഖമാണ്. വാർത്താ ചാനലുകളിലെ ഇവരുടെ പ്രകടനമാണ് വോട്ടിങ്ങിലും ഒരു പരിധിവരെ പ്രകടമായിരിക്കുന്നത്. കായംകുളം നിയമസഭ മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർഥി കൂടിയായ അരിത ബാബുവിന് ഈ മത്സരത്തിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മാസം മുമ്പ് നടന്ന വോട്ടെടുപ്പിൻറെ ഫലമാണ് ഇപ്പോൾ മാധ്യമങ്ങൾ വഴി നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്. വോട്ടുകളുടെ എണ്ണത്തിൽ മുന്നിൽ വന്നവരുമായി അഭിമുഖം നടത്തിയ ശേഷം മാത്രമാകും സംസ്ഥാന പ്രസിഡൻറിനെ പ്രഖ്യാപിക്കുക.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇടപെട്ടില്ലങ്കില്‍ , രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റാകും . അതോടെ, അബിന്‍ വര്‍ക്കി, അരിത ബാബു അടക്കമുള്ളവര്‍ വൈസ് പ്രസിഡന്റുമാരായും ചുമതലയേല്‍ക്കും. വിവിധ വിഭാഗങ്ങള്‍ക്ക് സംവരണം കൂടി ഉറപ്പാക്കിയാകും വൈസ് പ്രസിഡന്റുമാരെ നിശ്ചയിക്കുക എന്നാണ് , കോണ്‍ഗ്രസ്സ് നേതൃത്വം പറയുന്നത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കെ.പി.സി.സി അംഗവുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.എസ്.യു ദേശീയ സെക്രട്ടറി എന്നീ പദവികളും മുന്‍പ് അദ്ദേഹം വഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സി. വേണുഗോപാല്‍ പക്ഷവും മത്സരിച്ചെങ്കിലും, അവര്‍ അവസാന നിമിഷം പിന്‍വലിച്ച് , ഐ ഗ്രൂപ്പിന് പന്തുണ നല്‍കുകയാണ് ഉണ്ടായത്. ജില്ല പ്രസിഡന്റ് സ്ഥാനങ്ങളില്‍, എ ഗ്രൂപ്പിന് അഞ്ചും, കെ.സി. വേണുഗോപാല്‍ പക്ഷത്തിന് നാലും, രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ക്ക് മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചപ്പോള്‍ , കെ. സുധാകരന്റെ പക്ഷത്തിന്, ഒരു വിജയം മാത്രമാണുണ്ടായിരുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് , എറണാകുളത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഫലം പ്രഖ്യാപിച്ചിട്ടുമില്ല.

ഇതൊക്കെയാണ് യൂത്ത് കോൺഗ്രസ്സിലെ സംഭവവികാസങ്ങൾ. വോട്ടെണ്ണിയതും ഫലം പ്രഖ്യാപിച്ചതുമെല്ലാം യൂത്ത് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. അതേസമയം, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന വോട്ടെടുപ്പിലും, ഫല പ്രഖ്യാപനത്തിലും യൂത്ത് കോൺഗ്രസ്സുകാർക്കിടയിൽ തന്നെ സംശയവും വ്യാപകമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും യൂത്ത് കോൺഗ്രസ്സ് ഭാരവാഹി തിരഞ്ഞെടുപ്പിനെ ഒരു മഹാ സംഭവമാക്കിയാണ് ഇവിടുത്തെ മാധ്യമങ്ങൾ മാറ്റിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ്സു പോലും അവകാശപ്പെടുന്നത് അംഗങ്ങളായ 7,29,626 പേർ വോട്ടുകൾ ചെയ്തെന്നാണ്.

യൂത്ത് കോൺഗ്രസ്സിൽ അംഗങ്ങളായ എല്ലാവരെയും വോട്ട് ചെയ്യിപ്പിക്കാൻ ഗ്രൂപ്പ് തിരിഞ്ഞ് പൊരിഞ്ഞ പോരാട്ടം നടത്തിയിട്ടും ഇത്ര വോട്ടുകളാണ് പോൾ ചെയ്തതെങ്കിൽ കേരളത്തിലെ യൂത്ത് കോൺഗ്രസ്സിന്റെ ആകെ അംഗസംഖ്യ എത്രയാണെന്നതും രാഷ്ട്രീയ കേരളത്തിന് അറിയേണ്ടതുണ്ട്. യഥാർഥത്തിൽ ഇതായിരിക്കണമായിരുന്നു മാധ്യമങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്നത്. കേരളത്തിൽ സി.പി.എം കഴിഞ്ഞാൽ രണ്ടാമത്തെ പാർട്ടിയായാണ് കോൺഗ്രസ്സ് അറിയപ്പെടുന്നത്. ആ പാർട്ടിയുടെ യുവജന സംഘടനയ്ക്ക് 10 ലക്ഷം അംഗങ്ങൾ പോലും ഇല്ലങ്കിൽ അത് ഗൗരവമുള്ള കാര്യം തന്നെയാണ്. ഈ അംഗ സംഖ്യ കോൺഗ്രസ്സിനെ സംബന്ധിച്ചും റെഡ് സിഗ്നൽ തന്നെയാണ്.

ഇവിടെയാണ് സി.പി.എമ്മിന്റെ വർഗ്ഗ ബഹുജന സംഘടനയായ ഡി.വൈ.എഫ്.ഐയെ കണ്ടു പഠിക്കേണ്ടത്. കൃത്യമായി യൂണിറ്റ് തലം മുതൽ അഖിലേന്ത്യാ തലം വരെ സംഘടനാ സമ്മേളനങ്ങൾ നടത്തിയാണ് ഡി.വൈ.എഫ്.ഐ ഭാരവാഹികളെ തിരഞ്ഞെടുക്കാറുള്ളത്. പ്രവർത്തന റിപ്പോർട്ടും, സംഘടനാ റിപ്പോർട്ടും ഉൾപ്പെടെ ചർച്ച ചെയ്ത് വിമർശനങ്ങളും സ്വയം വിമർശനങ്ങളും നടത്തിയ ശേഷം മാത്രമാണ് പുതിയ ഭാരവഹികളെ ഡി.വൈ.എഫ്.ഐ പ്രഖ്യാപിക്കാറുള്ളത്. യൂണിറ്റു തലം മുതൽ ഈ രീതിയാണ് ആ സംഘടന പിന്തുടരുന്നത്.

കേരളത്തിലെ യുവതീ – യുവാക്കൾക്കിടയിൽ ഡി.വൈ.എഫ്.ഐ യുടെ നിലവിലെ അംഗ സംഖ്യ 52, 50,000 – മാണ്. കേരളത്തിലെ മറ്റെല്ലാ യുവജന സംഘടനകളിലെ അംഗങ്ങളുടെ മൊത്തം കണക്കുകൾ ഒരുമിച്ചുകൂട്ടി താരതമ്യം ചെയ്താൽ പോലും ഡി.വൈ.എഫ്.ഐയുടെ അംഗ സംഖ്യയുടെ അടുത്തു പോലും എത്തുകയില്ല. സമര പോരാട്ടങ്ങളുടെ ചരിത്രത്തിലും ഈ അകലം കൂടുതലാണ്. ഇടതുപക്ഷം പ്രതിപക്ഷത്താകുമ്പോഴാണ് പ്രക്ഷോഭ സമരങ്ങളിൽ ഡി.വൈ.എഫ്.ഐ കൂടുതൽ സജീവമാകാറുള്ളത്. ഇപ്പോൾ ജീവകാരുണ്യ മേഖലകളിലും സംഘടന സജീവമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡി.വൈ.എഫ്.ഐ നടത്തുന്ന സൗജന്യ ഉച്ച ഭക്ഷണ പദ്ധതിയും സൂപ്പർഹിറ്റാണ്.

പലസ്തീൻ വിഷയത്തിൽ തെരുവിൽ പ്രതിഷേധമുയർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെയാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രാദേശിക വിഷയങ്ങളിൽ ഉൾപ്പെടെ ഇടപെട്ട് ഡി.വൈ.എഫ്.ഐ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് അവരുടെ ഉയർന്ന അംഗസംഖ്യ. ഇതൊന്നും തന്നെ ഇവിടുത്തെ ഒരു കുത്തക മാധ്യമങ്ങളും കാണുകയില്ല. അരക്കോടിയിലേറെ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ സമ്മേളനങ്ങൾ തിരഞ്ഞെടുക്കുന്ന ഭാരവാഹികളക്കാൾ മാധ്യമങ്ങൾക്ക് ഏറെ താൽപ്പര്യം ഏതെങ്കിലും ആപ്പ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളോടാണ്. അവരെ ഹീറോകളാക്കാനാണ് ഇപ്പോഴത്തെ മത്സരം. യൂത്ത് കോൺഗ്രസ്സ് ഭാരവാഹി തിരഞ്ഞെടുപ്പോടെ അതാണിപ്പോൾ ദൃശ്യമായിരിക്കുന്നത്.

EXPRESS KERALA VIEW

Top