പെരിയ ഇരട്ടക്കൊലപാതകം; ഉദുമ എംഎല്‍എയ്ക്കെതിരെ ആരോപണം

കാസര്‍ഗോട്: കാസര്‍ഗോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ പ്രതിരോധത്തില്‍.

എംഎല്‍എ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയതായും എംഎല്‍എ ഇടപെടാതെ കൊലപാതകം നടക്കില്ലെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ പറഞ്ഞു.

കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനും പങ്കുണ്ടെന്ന തരത്തില്‍ ആദ്യം മുതല്‍ ആരോപണങ്ങളുണ്ടായിരുന്നു. പ്രദേശത്ത് സിപിഎം ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായപ്പോള്‍ എംഎല്‍എ കൊലവിളി നടത്തിയതായി ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ വ്യക്തമാക്കി.

അതേസമയം, പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.

സംഭവത്തില്‍ ഒരാള്‍ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സിപിഎം അനുഭാവിയായ സജി. കേസുമായി ബന്ധപ്പെട്ട് നേരത്തേ കസ്റ്റിഡിയില്‍ ഉണ്ടായിരുന്ന സജിയുടെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്.

സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. കൊലയാളിസംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

Top