ഡൽഹിയിൽ സമരം, ഇവിടെ തിരുകി കയറ്റൽ: കെ എസ് ശബരിനാഥൻ

തിരുവനന്തപുരം: തിരുവനന്തപരം കോർപ്പറേഷനിലെ നിയമനങ്ങളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യർത്ഥിച്ച് കത്തെഴുതിയ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയർക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ യുജവന സംഘടനാ നേതാക്കൾ നേതാക്കൾ രംഗത്തെത്തി. ഡൽഹിയിൽ പോയി ‘എന്റെ ജോലി എവിടെ’ എന്ന മുദ്രാവാക്യം വിളിച്ച് സമരം ചെയ്തിട്ട് ഇവിടെ പാർട്ടിക്കാരെ നിയമനങ്ങളിൽ തിരുകി കയറ്റുകയാണെന്ന് കെഎസ് ശബരിനാഥൻ പറഞ്ഞു.

തിരുവനന്തപുരം മേയർ ഡൽഹിയിൽ തൊഴിലില്ലായ്മക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ‘Where is my job’ എന്ന് പേരുള്ള ഈ സമരം ഡൽഹിയിൽ നടക്കുന്ന അതേ സമയത്തു തിരുവനന്തപുരം കോർപറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ ആളുകളെ തിരുകികയറ്റുവാൻ വേണ്ടി മുൻഗണന പട്ടിക പാർട്ടിയോട് ബഹുമാനപ്പെട്ട മേയർ ആവശ്യപ്പെടുകയാണ്. ഔദ്യോഗിക ലെറ്റർ പാഡിൽ ജില്ലാ സെക്രട്ടറി”സഖാവേ” എന്ന് അഭിസംബോധന ചെയ്താണ് മേയർ ചോദിക്കുന്നത്!

കഷ്ടപ്പെട്ട് പഠിക്കുന്നവർ, തൊഴില്ലില്ലാത്ത ചെറുപ്പക്കാർ ‘Where is my Job? എന്ന് ചോദിച്ചു നാട്ടിൽ അലയുമ്പോൾ ഇവടെ പാർട്ടിക്കാർക്ക് തൊഴിൽ മേളയാണ്. മേയർ ചെയ്തിരിക്കുന്നത് ഗുരുതരമായിട്ടുള്ള സത്യപ്രതിജ്ഞ ലംഘനമാണ്. പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത മേയർ തൊഴിൽ നൽകാമെന്ന് പാർട്ടി സെക്രട്ടറിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയാണ്. മേയർക്ക് തുടരാൻ യാതൊരു അവകാശവുമില്ല’ ശബരിനിനാഥൻ പറഞ്ഞു.

കേവലം ട്രോൾ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല,സിപിഎമ്മിലെ ഗ്രൂപ്പിസമായി തള്ളിക്കളയേണ്ടതുമല്ല. ഇത് ഗുരുതരമായ അഴിമതിയാണെന്നും വിടി ബൽറാം പറഞ്ഞു. ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. ജനങ്ങളോടുള്ള വഞ്ചനയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ഇവർക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നിൽ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കിൽ അതും പുറത്തു വരണമെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

Top