കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ പദവി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സര്‍വകലാശാല നെയിംബോര്‍ഡില്‍ പ്രതിഷേധക്കാര്‍ ‘പിണറായി വക കമ്യൂണിസ്റ്റ് പാഠശാല’ എന്ന ബോര്‍ഡ് സ്ഥാപിച്ചു. ചൊവ്വാഴ്ച രാവിലെ 11.40ന് പ്രതിഷേധ മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഗേറ്റിന് മുന്നില്‍ എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് മൂന്നുതവണ ജല പീരങ്കി പ്രയോഗിച്ചു. റിജില്‍ മാക്കുറ്റി, സുധീപ് ജയിംസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. വൈസ് ചാന്‍സലര്‍ പദവി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ചത് തിങ്കളാഴ്ച വൈസ് ചാന്‍സലറുടെ വസതിയിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീപ്പന്തവുമായി നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പന്തവുമായി വീട്ടിലേക്ക് ഇരച്ച് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ഇടപെട്ട് തടയുകയായിരുന്നു.