കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഡിവൈഎഫ്‌ഐ എന്ന് ആരോപണം

കൊല്ലം: കൊല്ലം ചവറ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഒരാളുടെ തലക്കും ഒരാളുടെ കയ്യിലുമാണ് വെട്ടേറ്റത്.

ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 7.30 ഓടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രവീണ്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. പ്രാദേശിക തര്‍ക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് കുറ്റപ്പെടുത്തി.

എന്നാല്‍ സംഭവവുമായി ഡി വൈ എഫ് ഐക്ക് ബന്ധമില്ലെന്നും സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും അക്രമിക്ക് ഡി വൈ എഫ് ഐയുമായി ബന്ധമില്ലെന്നും നേതാക്കള്‍ അവകാശപ്പെട്ടു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top