ശിശുക്ഷേമ സമിതി ഓഫീസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-പൊലീസ് പിടിവലിയും വാക്കേറ്റവും

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ഓഫീസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം അരങ്ങേറി. സമിതി സെക്രട്ടറി ഷിജു ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകരെത്തിയത്. ഓഫീസിന് മുമ്പില്‍ ബാരിക്കേഡുകള്‍ വച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്.

ബാരിക്കേഡ് തകര്‍ത്തെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ആദ്യം ഉന്തും തള്ളുമായി. പിന്നീട് ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇരുവിഭാഗവും തമ്മില്‍ വലിയ വാക്പോരുമുണ്ടായി. ലാത്തിയേന്തി നിന്ന പൊലീസുകാരോട്, ‘പൊലീസ് അടിക്കുമെന്ന് അറിയാലോ, പൊലീസിനെ ആദ്യമായിട്ടല്ലോ നമ്മള് കാണുന്നത്, ഞങ്ങളൊരുപാട് പൊലീസുകാരെ കണ്ടിട്ടുണ്ട്. നിങ്ങളടിക്ക്, പൊലീസ് പൊലീസിന്റെ ജോലി ചെയ്യും, ഞങ്ങള് ഞങ്ങടെ ജോലി ചെയ്യും’ -എന്നിങ്ങനെയായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

അടിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട എന്ന് പറഞ്ഞ പ്രവര്‍ത്തകനോട്, ആര് ആരെ പേടിപ്പിക്കാന്‍ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തിരിച്ചു ചോദിച്ചു. പൊലീസുകാരനെ തള്ളി എന്ന് പൊലീസ് പരാതിപ്പെട്ട വേളയില്‍, സമരത്തിന് തള്ളി എന്ന് പറയാന്‍ നിങ്ങളെന്താ പള്ളീലച്ചനാണോ എന്നായിരുന്നു ഒരു പ്രതിഷേധക്കാരന്റെ ചോദ്യം. പിന്നെ കൂട്ടബഹളമായി. പിച്ചി, മാന്തി എന്നൊക്കെ പറയാന്‍ നിനക്ക് നാണമില്ലേടാ എന്നായി പിന്നീട് പ്രവര്‍ത്തകരുടെ പരിഹാസം.

അതിനിടെ, പൊലീസ് കുറച്ചു പിന്‍വലിഞ്ഞു. അറസ്റ്റു ചെയ്യാനുള്ള ശ്രമത്തെ പ്രതിരോധിച്ച പ്രവര്‍ത്തകനോട് ബലം പിടിക്കാന്‍ നില്‍ക്കല്ലേ എന്നായി പൊലീസ്. പ്രവര്‍ത്തകരെ പൊലീസ് വാനിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഞാന്‍ കയറാമെന്ന് പറഞ്ഞതല്ലേ എന്നും, ഉടുപ്പീന്നു വിടെടാ എന്ന ആക്രോശവും കേട്ടു.

നീ കൊണ്ടുപോ എന്ന വെല്ലുവിളിയും. ഒടുവില്‍ കേട്ടതായിരുന്നു മാസ് ഡയലോഗ്. ‘ഇന്നും ഇന്നലെയുമല്ല, നീയൊക്കെ യൂണിഫോം ഇടുന്നതിന് മുമ്പ് സമരം ചെയ്തു തുടങ്ങിയവരാ ഞങ്ങള്‍’. ഒടുവില്‍ എടാ പോടാ വിളികള്‍ക്കിടെ പ്രതിഷേധക്കാരെയും പൊക്കി പൊലീസ് വാന്‍ സ്റ്റേഷനിലേക്ക് വിട്ടു.

Top