എ.കെ.ജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്‌

ഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ദേശീയ നേതാക്കള്‍ ആരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നില്ല. ഡല്‍ഹി സംസ്ഥാന കമ്മിറ്റിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് – എന്‍.എസ്.യു പ്രവര്‍ത്തകര്‍ സംയുക്തമായാണ് മാര്‍ച്ച്‌ നടത്തിയത്.

എകെജി ഭവന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് ഡല്‍ഹി പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും അത് മറികടന്ന് മുന്നോട്ട് പോകനുള്ള ശ്രമം ഉണ്ടായില്ല.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ എകെജി ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്. ഡല്‍ഹി പൊലീസിന് പുറമേ കേന്ദ്രസേനാ വിഭാഗങ്ങളെകൂടി എകെജി ഭവന് സമീപം വിന്യസിച്ചിട്ടുണ്ട്.

Top