തദ്ദേശ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ ഒഴിവാക്കണം;യൂത്ത് കോൺഗ്രസ് പ്രമേയം

തൃശൂർ : തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരംഗത്ത് നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം. യൂത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പാർട്ടി നേതൃത്വത്തിന് ഇന്ന് കൈമാറും. യുവാക്കൾക്ക് മത്സരരംഗത്ത് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ട്, പത്ത്, പതിനാല് തിയ്യതികളിലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരക്കിട്ട സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും ചർച്ചകളുമായി മൂന്ന് മുന്നണികളും തിരക്കിലാണ്. വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. അനുകൂല സാഹചര്യമാണെന്നും യുഡിഎഫ് തൂത്തുവാരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു.

ഡിസംബ‍ർ എട്ടിന് ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ ഡിസംബർ 10ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാരും. അവസാന ഘട്ടത്തിൽ ഡിസംബർ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസ‍ർക്കോട് ജില്ലകളിലെ വോട്ടർമാരും വിധിയെഴുതും. വോട്ടെണ്ണൽ 16 ന് നടക്കും. അതേസമയം കൊവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിക്കാൻ തീരുമാനമായി.

Top