പാലക്കാട്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പണം വാങ്ങിയതിന്റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയെന്ന വാർത്തകളോട് പ്രതികരിച് ഷാഫി പറമ്പിൽ. തന്നെ പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാക്കി.
മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ചുമതലയില്‍ നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷാഫി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ജനം ടി.വി ക്ക് നമോവാകം.
വ്യാജ വാർത്ത പ്രചരിപ്പിച്ച ചാനലിനെതിരെ കേസ് ഫയൽ ചെയ്യും
ഇന്നലെ വൈകുന്നേരം ഒരു ഫോൺകോൾ ..
എന്നെ യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തിക്കിയെന്നും കർണ്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാരണമെന്നും
“ജനം” ടി.വി. യിൽ ഒരു വാർത്ത. (അതിന്റെ ലിങ്കും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്).
വിളിച്ച ആളോട് പറഞ്ഞു അളിയാ ഞാൻ അത് രാജി വെച്ചതാ.
ഏതാണ്ട് 2 ആഴ്ചയായി.
പക്ഷെ വാർത്ത ഇങ്ങനെ വന്നിരിക്കുന്നു.
കുറച്ച് കഴിഞ്ഞ് ജനം ടി.വി യുടെ ഡൽ ഹി റിപ്പോർട്ടർ എന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ചിട്ട് ചോദിച്ചു ഈ വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന്.. ചേട്ടാ വാർത്ത കൊടുത്ത ശേഷമാണോ ജനം ടി.വി. സത്യാവസ്ഥ അന്വേഷിക്കാറുള്ളതെന്നും ഞാനും ചോദിച്ചു.?
തിരുവനന്തപുരത്ത് നിന്ന് വിളിക്കാൻ പറയാം സാറിന് വേണമെങ്കിൽ പ്രതികരിക്കാമെന്നവരുടെ മഹാമനസ്സ്..
ലവലേശം താൽപര്യം നിങ്ങളുടെ ചാനലിൽ പ്രതികരിക്കാനില്ലെന്ന് ഞാനും അറിയിച്ചു.
കുറച്ച് കഴിഞ്ഞ് വേറെ ഒരു റിപ്പോർട്ടർ സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു ആ സമയത്ത് വിളിച്ച് നോക്കി കിട്ടീല എന്ന്.. വാർത്ത എത്ര നേരം എന്ന് വെച്ചിട്ട ഹോൾഡ് ചെയ്യാ ? അതോണ്ട് കൊടുത്തതാത്രെ.. ചെയ്യരുത് ഒരു സെക്കൻഡ് പോലും ഹോൾഡ് ചെയ്യരുത്.. പച്ചക്കള്ളമാണെങ്കിൽ പരമാവധി വേഗം തന്നെ വാർത്ത കൊടുത്ത് നിങ്ങളെ പറ്റിയുള്ള സാമാന്യ ജനത്തിന്റെ പ്രതീക്ഷകളെ തെറ്റിക്കാതെ ആ നിലവാരത്തകർച്ച പ്രകടമാക്കണം. ഇനിയും കിട്ടാവുന്ന അവസരങ്ങളിലെല്ലാം..
ഒറ്റ അപേക്ഷയെ ഉള്ളൂ.. പറ്റാണെങ്കിൽ ആ പേരൊന്നു മാറ്റണം.
വെറുതെ ജനത്തെ പറയിപ്പിക്കരുതല്ലോ…
ജനം ടി.വി. യുടെ കള്ള പ്രചരണം തള്ളിക്കളഞ്ഞ ദേശീയ നേതൃത്വത്തിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
Thanking Krishna Allavaru ji , Keshav Chand Yadav ji and Srinivas BV ji for the immense support.
ജീവിതത്തിൽ അദ്യമായി ഒരു വ്യാജ വാർത്തക്കും ചാനലിനുമെതിരെ കേസ് കൊടുക്കാനും തീരുമാനിച്ചു…
അപ്പൊ അങ്ങിനെ…