നിയമന തട്ടിപ്പ് കേസ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയ പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ അരവിന്ദനെയാണ് കന്റോണ്‍മന്റ് പൊലീസ് കസ്റ്റഡിലെടുത്തതിന് പിന്നാലെയാണ് നടപടി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം അരവിന്ദ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിക്ക് ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപയാണ് അരവിന്ദ് വാങ്ങിയത്. കോഴഞ്ചേരി ആശുപത്രിക്ക് മുന്നില്‍ വച്ച് വ്യാജ നിയമന ഉത്തരവും നല്‍കി. ഈ ഉത്തരവിന്റെ ഒരു പകര്‍പ്പ് അരവിന്ദ് ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. ഈ വ്യാജ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തട്ടിപ്പില്‍ പിടിയിലായതറിഞ്ഞ് ജോലിക്ക് പണം നല്‍കിയ നിരവധി പേരാണ് പൊലീസിനെ വിളിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിയമനത്തിന് എംപി ക്വാട്ടയുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിയമനം വാഗ്ദാനം ചെയ്തു തന്നോട് മൂന്ന് ലക്ഷം രൂപ അരവിന്ദ് ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവമോര്‍ച്ച നേതാവ് അജിത് സജി രംഗത്തെത്തി.

ബെവ്‌ക്കോയില്‍ നിയമനം വാദ്ഗാനം ചെയ്ത് കായംകുളം സ്വദേശിയായ ദമ്പതി കളില്‍ നിന്നും ഒന്നര ലക്ഷമാണ് അരവിന്ദ് വാങ്ങിയത്. ആറന്‍മുള, തിരുവല്ല, കരുവാറ്റ സ്വദേശികളാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. നിയമനത്തിനായി പണം നല്‍കിയ മറ്റ് ചിലരും അരവിന്ദന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്. പക്ഷെ നഷ്ടമായവര്‍ക്ക് നാണക്കേട് കാരണം പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. നഴ്‌സിംഗ് സീറ്റ് വാദ്ഗാനം ചെയ്തും അരവിന്ദ് തട്ടിപ്പ് നടത്തിയതായുള്ള രേഖകള്‍ പൊലീസിന് ലഭിച്ചു. പാലയിലുള്ള ഒരാള്‍ വഴിയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയെന്നാണ് വിവരം. തട്ടിപ്പിനെ കുറിച്ച് അരവിന്ദിന്റെ മൊഴിയും വിചിത്രമാണ്. തിരുവനന്തപുരത്ത് വച്ച് പരിചയപ്പെട്ട ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കാണ് പണം കൈമാറിയതെന്നാണ് അരവിന്ദ് പറയുന്നത്.

ബാങ്കു അക്കൗണ്ട് വഴിയാണ് അരവിന്ദ് എല്ലാവരില്‍ നിന്നും പണം വാങ്ങിയിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ജോലിയുണ്ടെന്ന് പറയുന്നയാള്‍ക്ക് നേരിട്ട് പണം നല്‍കിയെന്നാണ് പറയുന്നത്. തട്ടിപ്പിന് പിന്നില്‍ നിരവധിപ്പേരുണ്ടെന്നാണ് സംശയം. ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ ജോലിതട്ടിപ്പ് നടത്തിയ മുന്‍ എസ്എഫ് നേതാവും സിഐടിയും പത്തനംതിട്ട ഓഫീസ് സെക്രട്ടറിയുമായിരുന്ന അഖില്‍ സജീവുമായി അരവിന്ദിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അരവിന്ദന്റെ ആറന്മുളയിലെ വാടകവീട്ടിലും നിലയ്ക്കലെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

Top