ജാതി – മത സംഘടനകള്‍ക്ക് കിടിലന്‍ ഓഫറുമായി യു.ഡി.എഫ് നേതൃത്വവും രംഗത്ത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അധികാരത്തിന്റെ ഇടനാഴി തുറന്ന് കൊടുക്കുമെന്നാണ് വാഗ്ദാനം. ക്രൈസ്തവ നേതാക്കള്‍ക്ക് മാത്രമല്ല എന്‍.എസ്.എസിനും എസ്.എന്‍.ഡി.പി യോഗത്തിനും മുസ്ലീം സംഘടനാ നേതാക്കള്‍ക്കും ഈ ഓഫറുണ്ട്. ഉന്നത നേതാക്കള്‍ തന്നെയാണ് ഇത്തരം വാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ജോസ്. കെ മാണി വിഭാഗം മുന്നണി വിട്ട ‘ക്ഷീണം’ തീര്‍ക്കാന്‍, ക്രൈസ്തവ സംഘടനകളെ അനുനയിപ്പിക്കാന്‍, സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തിറങ്ങിയെങ്കിലും ആ നീക്കം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റു സംഘടനകളെ കൂടി ലക്ഷ്യമിട്ട് പുതിയ നീക്കം തുടങ്ങിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും, ജാതി – മത പ്രാതിനിത്യം ഉറപ്പ് വരുത്താമെന്നതാണ് മറ്റൊരു വാഗ്ദാനം. നേതൃത്വത്തിന്റെ മനസ്സ് അറിഞ്ഞതോടെ സ്ഥാനാര്‍ത്ഥി മോഹികളും ജാതി – മത ശക്തികളുടെ പിന്തുണ തേടി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ നിലവിലെ എം.പിമാര്‍ ആരും തന്നെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയില്ല. എന്നാല്‍ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്ഥാനാര്‍ഥികളെ എം.പിമാര്‍ക്ക് മുന്നോട്ട് വെക്കാമെന്ന ധാരണയും നേതൃത്വം കൈ കൊണ്ടിട്ടുണ്ട്. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും സ്ഥാനാര്‍ഥികളാക്കണമെന്നതാണ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. ഒപ്പം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും ഇത്തവണ സീറ്റുണ്ടാവുകയില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുനല്‍കുകയും ചെയ്യും.
ബജറ്റ് സമ്മേളനത്തിനെത്തുമ്പോള്‍ കേരളാ എം.പിമാരുമായി രാഹുല്‍ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്. ‘ഒരിക്കലും നടക്കാത്ത സ്വപ്നം’ എന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശത്തോട് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കുന്ന പരിഗണന മറ്റുള്ള നേതാക്കളും ആവശ്യപ്പെട്ടേക്കും. അംഗീകരിച്ചില്ലെങ്കില്‍ റിബലുകള്‍ ഉദയം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. ഗ്രൂപ്പ് താല്‍പ്പര്യത്തിനും അപ്പുറം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉണ്ടായാല്‍ ‘പാലം’ വലിക്കാനുള്ള സാധ്യതയും കൂടുതലാണ്. അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് എം.എല്‍.എമാരുടെ നിലപാടും ഘടകമാകും എന്നതിനാല്‍ പരമാവധി വേണ്ടപ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് താല്‍പ്പര്യം. ജാതി – മത പരിഗണനയെല്ലാം ഗ്രൂപ്പ് ‘പരിഗണനയില്‍’ ഒതുക്കി നടത്താനാണ് അവരുടെ നീക്കം. ഹൈക്കമാന്റിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായ നീക്കമാണിത്.
അതേസമയം, അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം, യു.ഡി.എഫില്‍ ഇപ്പോള്‍ വലിയ ഭിന്നതക്ക് കാരണമായിട്ടുണ്ട്. വിവാദ പ്രസ്താവനയില്‍ ‘തിരുത്തുമായി’ ചെന്നിത്തല തന്നെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ലീഗും ‘ഐ’ ഗ്രൂപ്പും കട്ട കലിപ്പിലാണുള്ളത്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ലീഗ് എം.എല്‍.എമാരുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടി വരുമെന്നതാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.’ഐ’ വിഭാഗത്തെയും ചെന്നിത്തലയെയും വെട്ടിലാക്കുന്ന നിലപാട് കൂടിയാണിത്. ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനവും ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പിന് നഷ്ടമാകാനാണ് സാധ്യത.