വ്യാജ ഐഡി കാർഡ് കേസ്: ‘ആപ്’ നിർമിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം : യൂത്ത്‌കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ തെരഞ്ഞടുപ്പ്‌ കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ കേസിൽ ഒരു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. ഏഴാം പ്രതി കാസർകോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയാണ് (38) തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയുമായ ജയ്‌സൺ മുകളേലിനൊപ്പം വ്യാജ കാർഡ് നിർമിക്കാൻ സിആർആർ കാർഡ്‌ എന്ന ആപ്പ്‌ നിർമിച്ചത്‌ രാകേഷാണ്. പ്രത്യോകാന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്‌ രാകേഷ് കുറ്റം സമ്മതിച്ചത്. കേസിൽ ആറാം പ്രതിയായ ജയ്‌സൺ മുകളേലിന്റെ കാസർകോട്‌ നീലേശ്വരത്തെ കംപ്യൂട്ടർ സ്ഥാപനത്തിലെ ജീവനക്കാരനാണ് രാകേഷ്.

ആപ്പ്‌ നിർമിച്ചയാളെ കണ്ടെത്തിയത്‌ കേസിൽ നിർണായക വഴിത്തിരിവായി. രാകേഷിന്റെ ഫോണും കംപ്യൂട്ടറും പൊലീസ്‌ ഫോറൻസിക്‌ വിഭാഗത്തിൽ നൽകി പരിശോധിക്കും. ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ആപ്പ് എത്ര പേർക്ക് പങ്കുവെച്ചെന്നത്‌ കണ്ടെത്തലാണ്‌ പ്രധാന ലക്ഷ്യം. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭി വിക്രമൻ, ബിനിൽ ബിനു, ഫെനി നൈനാൻ, വികാസ്‌ കൃഷ്‌ണൻ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ നാലുപേരും പത്തനംതിട്ടയിലെ എ ഗ്രൂപ്പുകാരായ യൂത്ത്‌ കോൺഗ്രസ് നേതാക്കളും രാഹുൽ മാങ്കൂട്ടത്തിന്റെ സന്തത സഹചാരികളുമാണ്‌. കേസിലെ മുഖ്യകണ്ണിയായ യൂത്ത്‌കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം ജെ രഞ്ജുവിനുള്ള തെരച്ചിൽ പൊലീസ്‌ ഊർജിതമാക്കിയിട്ടുണ്ട്‌.

Top