പാലക്കാട് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു; കുഴിച്ചിട്ടത് സ്ഥലം ഉടമ അനന്തന്‍

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്നിയെ പിടികൂടാന്‍ സ്ഥാപിച്ചിരുന്ന കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താന്‍ വയലില്‍ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തന്‍ സമ്മതിച്ചു.

ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്ത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളും ആരംഭിച്ചു. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് കാണാതായ യുവാക്കളുടെതാണെന്ന് വ്യക്തമായത്. പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചത്. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നല്‍കിയിരുന്നു. മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നല്‍കി. അതേസമയം, സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 4.5നാണ് യുവാക്കള്‍ പാടത്തേക്ക് ഓടിയത്. നാലു പേര്‍ രണ്ടു വഴിക്കായി ഓടുകയായിരുന്നു.

പിന്നീട് ഇവരെ കാണാനായില്ല. സിസിടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തെരഞ്ഞിരുന്നു. ഇതില്‍ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റു രണ്ടുപേര്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്‌കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. ഇവിടെ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായിരിക്കാമെന്നായിരുന്നു പോലീസ് സംശയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥലമുടമയെ കസ്റ്റഡിയിലെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.

Top