അഗളി: സദാചാരഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തിന് കാരണം ധനേഷ്, രമേശ് എന്നിവരാണെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്.
സദാചാര ഗുണ്ടകളുടെ പീഡനത്തിനിരയായ അട്ടപ്പാടി കാരറ സ്വദേശി അനീഷിനെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അനീഷിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും. ഫെബ്രുവരി 14ന് പ്രണയദിനത്തിലാണ് അനീഷിനെ കൊല്ലം അഴീക്കല്‍ ബീച്ചില്‍ ഒരു യുവതിക്കൊപ്പം കണ്ടെത്തിയെന്നാരോപിച്ച് പ്രദേശവാസികള്‍ ഇയാളെയും യുവതിയെയും തടഞ്ഞുവക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു.
ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരുവരും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം മാനസികമായി തളര്‍ന്ന നിലയിലായിരുന്നു ഇയാള്‍.