പാകിസ്താന്‍ വേണ്ടി ചാരപ്രവര്‍ത്തനം; ഉത്തര്‍പ്രദേശിൽ നിന്നുള്ള യുവാവ് അറസ്റ്റില്‍

ഡല്‍ഹി : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാന്‍ എന്ന ശൈലേഷ് കുമാര്‍ സിങ് ആണ് പിടിയിലായത്.

ചോദ്യം ചെയ്യലിനായി ലഖ്നൗവിലെ എ.ടി.എസ്. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തില്‍ ഒമ്പത് മാസത്തോളം ശൈലേന്ദ്ര ചൗഹാന്‍ പോര്‍ട്ടറായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. സൈനിക വാഹനങ്ങളുടെ പോക്കുവരവും ലൊക്കേഷനും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാള്‍ ഐഎസ്‌ഐ ബന്ധമുള്ളവര്‍ക്ക് അയച്ചുകൊടുത്തെന്നാണ് ആരോപണം.

ശൈലേഷ് ചൗഹാന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്. ഒരു ഫോട്ടോക്ക് 2000 രൂപ വീതം ഇയാള്‍ കൈപ്പറ്റിയെന്നും എ.ടി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

ഹര്‍ലീന്‍ കൗര്‍ എന്നയാള്‍ പരിചയപ്പെടുത്തിയ പ്രീതിയെന്ന ഐ.എസ്.ഐ ഏജന്റിനാണ് ഇയാള്‍ സൈന്യത്തിന്റെ ഫോട്ടോ കൈമാറിയതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Top