കോട്ടയത്ത് പേവിഷബാധയേറ്റ യുവാവ് ആശുപത്രിയിൽ നിന്ന് മുങ്ങി; ജാഗ്രത നിർദേശം

കോട്ടയം : കോട്ടയത്ത് പേവിഷബാധയേറ്റ അതിഥിത്തൊഴിലാളി അർധരാത്രി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മുങ്ങി.  ഇതേ തുടർന്ന്  ജില്ലയിൽ ജാഗ്രതനിർദേശം നൽകിയിരിക്കുകയാണ്. ഇയാള്‌ക്കായി  പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇന്നലെ രാത്രി 12.30നാണു സംഭവം.

അസം സ്വദേശിയായ ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തി. തുടർന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്.

ഇയാളെ സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും  അവിടെനിന്ന് യുവാവ് ഇറങ്ങിയോടുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണു ജില്ലയിൽ ജാഗ്രത നിർദേശം നൽകിയത്. യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.

Top