കോയമ്പത്തൂര്‍: പുകവലിയുള്‍പ്പടെയുള്ള ദുശ്ശീലങ്ങള്‍ അച്ഛനോട് പറഞ്ഞ് കൊടുത്തതിന് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. കോയമ്പത്തൂരിലെ അവിനാശിയിലാണ് സംഭവം. അവിനാശിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാമനാഥപുരം തൊണ്ടി സ്വദേശി ജെ. ഫ്രാന്‍സിസ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്.
പ്രതിയും അച്ഛനും അഗസ്റ്റിനും വാടക വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഫ്രാന്‍സിസ് പുകവലി ശീലം തുടങ്ങിയ കാര്യം അഗസ്റ്റിന്‍ ജെസുരാസിനോട് പറഞ്ഞിരുന്നു. മറ്റ് ദുശ്ശീലങ്ങളും അച്ഛനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ഫ്രാന്‍സിസ് ഇരുമ്പുദണ്ഡു കൊണ്ട് അഗസ്റ്റിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
തലയ്ക്കടിയേറ്റ് ചോരയില്‍ കുളിച്ചു കിടക്കുന്ന അഗസ്റ്റിനെ ഫ്രന്‍സിസിന്റെ അച്ഛന്‍ ജെസുരാസു ആണ് ആദ്യം കണ്ടത്. ഇയാള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.