കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.
ഇര്‍ഷാദിനെയും ഹസ്സനെയും കണ്ടിരുന്നു എന്ന് ഷുഹൈബ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് റിപ്പോര്‍ട്ട്.