പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി

sdpi

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി. പ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് ജില്ലാ സെഷന്‍ കോടതി ജഡ്ജി സുരേഷ് കുമാര്‍ കുറ്റക്കാരായി പ്രഖ്യാപിച്ചത്. ശിക്ഷ വിധിക്കുന്നത് നവംബര്‍ 30ലേക്ക് മാറ്റി.

വേളം സ്വദേശിയായ നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് എസ് ഡി പി ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളെ കോടതി വെറുതേ വിട്ടു. കേസില്‍ പ്രതി ചേര്‍ത്തിരുന്ന ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, നടുപുത്തലത്ത് റഫീഖ്, സാദിഖ് ടി.വി.സി, മുഹമ്മദ് സി.കെ, സാബിത്ത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2016 ജുലൈ 15ന് നസിറുദ്ദീനും ബന്ധു അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞു നിര്‍ത്തി കൊല നടത്തിയെന്നാണ് കേസ്.

2016 നവംബര്‍ 8 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 47 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രൊസിക്യുഷന് വേണ്ടി സി കെ ശ്രീധരന്‍ ഹാജറായി. 106 സാക്ഷികളുടെ പട്ടികയും ആറ് രേഖകളും നാല് വാഹനങ്ങളും ആയുധങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

Top