കാസര്‍ഗോഡ് : അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് യൂത്ത് ലീഗ് ഒരു ലക്ഷം രൂപയുടെ കാരുണ്യസഹായം നല്‍കി. മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോലാച്ചിയടുക്കം യൂണിറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രകാശന് അല്ലാമാ നഗര്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ഒരുലക്ഷംരൂപയുടെ സഹായമെത്തിച്ചത്. ശരീരമാസകലം തകര്‍ന്ന് മൂന്നു ശസ്ത്രക്രിയക്ക് ഇതിനകംതന്നെ വിധേയനായി.
കോലാച്ചിയടുക്കം ഡി.വൈ.എഫ്.ഐ യൂനിറ്റിലെ പ്രധാന പ്രവര്‍ത്തകനാണ് പ്രകാശന്‍. ചെര്‍ക്കള അളക്കക്കയില്‍ ഒരുമാസം മുമ്പ് ബൈക്കില്‍ കാറിടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ പ്രകാശന് പരിക്കേറ്റത്.
ചെങ്കള-മുളിയാര്‍ അതിര്‍ത്തിപ്രദേശമായ ചെര്‍ക്കള അല്ലാമാ ഇഖ്ബാല്‍ നഗര്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരുമാസമായി നടത്തിയ വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനൊപ്പമാണ് പല പ്രമുഖരേയും നേരിട്ടുകണ്ടും സ്വന്തം കൈയില്‍നിന്നും കൂട്ടി ജീവകാരുണ്യത്തിന് തുക സമാഹരിച്ചത്.
ജീവന്റെ വിലയെക്കാള്‍ തങ്ങള്‍ക്ക് പ്രധാനം മറ്റൊന്നുമില്ലെന്ന് യൂത്ത് ലീഗ് നേതാക്കളായ ഉബി, സമീര്‍, സമദ്, നൂറു എന്നിവര്‍ പറഞ്ഞു. മാതൃകാപ്രവര്‍ത്തനത്തെ മുളിയാര്‍ ഒന്നാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയും അല്ലാമാ നഗര്‍ മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയും അഭിനന്ദിച്ചു.