കോഴിക്കോട്: കത്വ കേസ് ഫണ്ട് വിവാദങ്ങളില്‍ ദീപികാ സിംഗ് രജാവത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് യൂത്ത് ലീഗ്. അഡ്വ. മുബീന്‍ ഫാറൂഖി വഴിയാണ് ദീപിക ആ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു.
‘കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് അഡ്വ. മുബീന്‍ ഫാറൂഖിയാണ്. അതിനാലാണ് കേസ് നടത്തിപ്പിന്റെ തുക മുബീന്‍ ഫാറൂഖിയെ ഏല്‍പിച്ചത്’, സി.കെ സുബൈര്‍ വ്യക്തമാക്കി.
നേരത്തെ കേസ് നടത്തിപ്പിനായി കേരളത്തില്‍ നിന്ന് യൂത്ത് ലീഗ് ഒരു കോടി രൂപ പിരിച്ചുവെന്നും ഇത് കൈമാറിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പിരിച്ചെടുത്ത തുക ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കുമടക്കം കൈമാറിയെന്നാണ് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചിരുന്നത്.
അതേസമയം, കത്വ കേസ് താന്‍ പൂര്‍ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞ് ദീപിക രംഗത്തെത്തിയിരുന്നു. എന്നാല്‍ കേസില്‍ ദീപിക സിംഗ് രജാവത്ത് രണ്ട് തവണയാണ് ഹാജരായതെന്നും പിന്നീട് അഡ്വ. മുബീന്‍ ഫാറൂഖി ഹാജരായെന്നും സുബൈര്‍ പറയുന്നു.