നിലമ്പൂര്‍: മണലൊടി കളരിക്കുന്നിലെ യൂത്ത് ലീഗ് നേതാവിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി പിടിച്ച സംഭവം പൊലീസ് കേസെടുക്കാതെ ഒതുക്കി.
വീടിനു പിന്നില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് അഞ്ചടി ഉയരത്തില്‍ വളര്‍ന്ന പൂക്കാറായ കഞ്ചാവ് ചെടി കണ്ടെത്തിയത്.
ചെടി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി എക്‌സൈസിനെയും വിവരം അറിയിച്ചു. പൊലീസ് സ്‌റ്റേഷനിലെത്തിയ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അടങ്ങുന്ന സംഘം കഞ്ചാവ് ചെടി തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇതിനിടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി പിടിച്ചതെന്ന വിവരം അറിഞ്ഞത്. രാഷ്ട്രീയ ഇടപെടലുണ്ടായതോടെ പൊലീസ് കേസെടുക്കാതെ ഒതുക്കി. കഞ്ചാവ് ചെടി അബദ്ധത്തില്‍ വളര്‍ന്നതാണെന്നു പറഞ്ഞാണ് കേസെടുക്കാതിരുന്നത്.
എന്നാല്‍ വീട്ടിലെ പറമ്പുകളില്‍ അബദ്ധത്തില്‍ കഞ്ചാവ് ചെടി വളരില്ലെന്നും കഞ്ചാവ് ചെടി വളര്‍ത്തുന്നത് കേസെടുക്കേണ്ട കുറ്റകരവുമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിനുള്ളത്.
നിലമ്പൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പന നടത്തുന്ന സംഘം നേരത്തെ പിടിയിലായിരുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്.