കോഴിക്കോട് :നാദാപുരത്തെ കൊല്ലപ്പെട്ട മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ ഖബറിടത്തില്‍ നിന്ന് സെല്‍ഫിയെടുത്ത യൂത്ത്‌ലീഗ് നേതാവ് വിവാദത്തില്‍.
ബദറു കൈതപ്പൊയില്‍ എന്ന യൂത്ത് ലീഗ് നേതാവാണ് സെല്‍ഫി എടുത്ത് വിവാദത്തിലായത്. സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
ട്രോളുകാര്‍ക്കും സെല്‍ഫി വിഷയമായി. ലീഗ് അനുഭാവികള്‍ തന്നെ വിമര്‍ശനം ഉന്നയിക്കുകയും ട്രോള്‍ പേജുകളില്‍ പരിഹസിക്കപ്പെടുകയും ചെയ്തു.
സെല്‍ഫി എടുക്കാനല്ല പ്രാര്‍ത്ഥന നടത്താനാണ് ഖബറിടത്തില്‍ പോകേണ്ടതെന്ന് ലീഗ് പ്രവര്‍ത്തകര്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാനാണ് സെല്‍ഫി എടുത്തതെന്നും വിമര്‍ശനം ഉയര്‍ന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ബദറു രംഗത്ത് വന്നു. അസ്ലമിന്റെയും നസ്‌റുദിന്റെയും ഖബര്‍ ലീഗ് പ്രവര്‍ത്തകരെ കാണിക്കുക എന്ന ഉദ്ദേശം മാത്രമാണ് സെല്‍ഫി എടുത്തതിന് പിന്നില്‍ ഉണ്ടായിരുന്നതെന്ന് ബദറു പറഞ്ഞു.
‘ഇഷ്ടപ്പെട്ട നേതാക്കളുടെയും സിനിമാ താരങ്ങളുടെയും കൂടെ എല്ലാവരും സെല്‍ഫി എടുക്കാറില്ലേ? എനിക്ക് ഇഷ്‌പ്പെട്ട പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ത്യജിച്ച എന്റെ അനിയന്‍മാരായ അസ്ലമും നസ്‌റുദീനും ആണ് ആ ഖബറുകളില്‍ ഉള്ളത്. എനിക്ക് അതൊരു തെറ്റായി തോന്നിയിട്ടില്ല’ബദറു പറഞ്ഞു.