എഐ ക്യാമറ ക്രമക്കേടിൽ യൂത്ത് ലീഗ് പ്രതിഷേധം; ക്യാമറ കൊട്ടകൊണ്ട് മറച്ച് പികെ ഫിറോസ്

കൊച്ചി : എഐ ക്യാമറ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്. ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് സർക്കാരിനെതിരെ രംഗത്തെത്തിയത്. കൊച്ചിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം. പുതിയ പ്രതിഷേധ രീതി പികെ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ട്രാഫിക് ക്യാമറയെ മുളകൊണ്ടുണ്ടാക്കിയ കൊട്ടകൊണ്ട് മറച്ച്, മൂടി വെക്കാനാകില്ല ഈ അഴിമതിയെന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് സർക്കാരിനെതിരെ മുസ്ലീം ലീഗും പ്രതിഷേധം കടുപ്പിച്ചിരിക്കുകയായാണ്. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാക പ്രതിഷേധങ്ങളാണ് നടക്കുന്നത്.

കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് ഉപരോധിച്ചു. പ്രസാഡിയോ കമ്പനിക്കെതിരെ ഉയർന്ന ആരോപണം കുറിച്ച പോസ്റ്ററുകൾ ഓഫീസ് ചുമരിൽ പ്രവർത്തകർ പതിച്ചു.

ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും പ്രതിപക്ഷവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. പ്രസാഡിയോ ഡയറക്ടർ രാംജിത്തിന് ക്ലിഫ്ഹൗസുമായുള്ള ബന്ധമെന്തൊണെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

Top