ക്രിയേറ്റര്‍മാര്‍ക്ക് മോശം കമന്റുകള്‍ വായിക്കേണ്ടി വരില്ല; പുതിയ ഫീച്ചറുമായി യൂട്യൂബ്

YouTube

മോശം കമന്റുകളെ മാറ്റി നിര്‍ത്തുന്നതിനു പുതിയ ഫില്‍റ്റർ പരിശോധിക്കാനൊരുങ്ങി യൂട്യൂബ്. പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായാണ് യൂട്യൂബ് ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇനി മുതൽ മറ്റുള്ളവര്‍ക്ക് പ്രശ്‌നമായേക്കാവുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ യൂട്യൂബ് മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കും. യൂട്യൂബിന്റെ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ കമന്റ് പ്രശ്‌നമുള്ളതാണെന്ന് കണ്ടെത്തുമ്പോഴാണ് ഈ മുന്നറിയിപ്പ് കാണിക്കുക. അത്തരം കമന്റുകള്‍ ഓട്ടോമാറ്റിക്കായി റിവ്യൂ ചെയ്യപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യും. ഇത് വഴി ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെടാത്ത കമന്റുകള്‍ വായിക്കേണ്ടി വരില്ല. ഇതിനായി തങ്ങള്‍ കമന്റ് മോഡറേഷന്‍ സംവിധാനം പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂട്യൂബ് പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജോഹാന റൈറ്റ് പറഞ്ഞു.

അടുത്തവര്‍ഷം മുതല്‍ ക്രിയേറ്റര്‍മാരുടെ ലിംഗം, വംശം, ഗോത്രം പോലുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച്, ഡിസ്‌കവറി, മൊണടൈസേഷന്‍ സംവിധാനങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന ഉപയോക്താക്കള്‍ ഏത് രീതിയില്‍ പരിഗണിക്കപ്പെടുന്നു എന്നത് പരിശോധിക്കുകായും ചെയ്യും. ചില വിഭാഗങ്ങളെ ബാധിക്കുന്ന വിദ്വേഷം, വിവേചനം, പീഡനം പോലുള്ളവയും പരിശോധിക്കുമെന്നും റൈറ്റ് പറഞ്ഞു.

Top