യൂട്യൂബിലെ കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ഗൂഗിള്‍. മൈന്‍ ക്രാഫ്റ്റ്‌ഗെ യിമിങ് വീഡിയോകള്‍ നല്‍കുന്ന കെന്‍സോ, ഓബിറെയ്ഡ്സ് എന്നീ ചാനലുകളാണ് പകര്‍പ്പാവകാശ വാദങ്ങള്‍ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം ലഭിച്ചത്. 60000 സബ്സ്‌ക്രൈബര്‍മാരുള്ള യൂട്യൂബറാണ് കെന്‍സോ. തന്റെ വീഡിയോകളിലൊന്ന് നീക്കം ചെയ്യപ്പെടുകയും പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കുകയും ചെയ്തതോടെ കെന്‍സോ സോഷ്യല്‍ മീഡിയ വഴി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വരികയായിരുന്നു.
75 ഡോളര്‍ മുതല്‍ 400 ഡോളര്‍വരെ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളാണ് കെന്‍സോ, ഓബിറെയ്ഡ്സ് എന്നീ ചാനലുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. പേ പാല്‍ വഴിയോ ബിറ്റ് കോയിനായോ പണം നല്‍കണമെന്നാണ് ആവശ്യം. കെന്‍സോയ്ക്കെതിരെ ഉയര്‍ന്ന കോപ്പിറൈറ്റ് അവകാശ വാദങ്ങള്‍ വ്യാജമാണെന്ന് ട്വീറ്റര്‍ കണ്ടെത്തിയതോടെ തട്ടിപ്പുനടത്തിവന്ന യൂട്യൂബ് ചാനല്‍ ഗൂഗിള്‍ നീക്കം ചെയ്യുകയായിരുന്നു.
യൂട്യൂബ് ചാനലുകളില്‍ പ്രസിദ്ധീകരിച്ച മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വീഡിയോകള്‍ക്കുമേല്‍ വീഡിയോയുടെ യഥാര്‍ത്ഥ ഉടമ അവകാശം ഉന്നയിച്ചു രംഗത്തുവന്നാല്‍. ആ വീഡിയോ ചാനലില്‍ നിന്നും നീക്കം ചെയ്യപ്പെടും. ഒപ്പം ചാനലിന് കോപ്പിറൈറ്റ് സ്ട്രൈക്ക് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ഒരു നിശ്ചിത കാലയളവിനുള്ളില്‍ മൂന്ന് തവണ സ്ട്രൈക്ക് വന്നാല്‍ ആ ചാനലിനെതിരെ ഗൂഗിള്‍ നടപടി സ്വീകരിക്കും.
പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്ന ‘കണ്ടന്റ് ഐഡി സംവിധാനമാണ്’ ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒരു യൂട്യൂബര്‍ക്ക് ഇത്തരത്തില്‍ വ്യാജ പകര്‍പ്പാവകാശ വാദ സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കണ്ടന്റ് ഐഡി സംവിധാനത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ഇത്തരം പ്രവൃത്തികളെ അംഗീകരിക്കാനാവില്ലെന്നും നടപടികള്‍ സ്വീകരിക്കുമെന്നുമാണ് യൂട്യൂബിന്റെ പ്രതികരണം.