പുതിയ ക്രിയേറ്റര്‍ അവാര്‍ഡ് സൃഷ്ടിച്ച് യുട്യൂബ്

റെഡ് ഡയമണ്ട് ക്രിയേറ്റര്‍ എന്ന പേരില്‍ പുതിയ ക്രിയേറ്റര്‍ അവാര്‍ഡ് സൃഷ്ടിച്ച് യുട്യൂബ്. ചുവന്ന നിറത്തിലുള്ള വൈരക്കല്ലിന്റെ മാതൃകയിലുള്ള യൂട്യൂബ് ലോഗോ ആണ് ഈ പുരസ്‌കാരത്തിലുള്ളത്.

യുട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് പ്രോത്സാഹനമായി സബ്സക്രൈബര്‍മാരുടെ എണ്ണത്തില്‍ ഓരോ ഘട്ടം പിന്നിടുന്നവര്‍ക്ക് യുട്യൂബ് അവാര്‍ഡ് നല്‍കാറുണ്ട്. സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് എന്നിങ്ങനെ മൂന്ന് വിധം അവാര്‍ഡുകള്‍ളാണ് നല്‍കാറുള്ളത്. ഈ അവാര്‍ഡുകള്‍ക്ക് പുറമെയാണ് പുതിയ അവാര്‍ഡ്.

ഒരു ലക്ഷം സബ്സ്‌ക്രൈബര്‍മാരെ ലഭിക്കുന്ന ചാനലുകള്‍ക്കാണ് സില്‍വര്‍ ക്രിയേറ്റര്‍ അവാര്‍ഡ് നല്‍കുക. വെള്ളി നിറത്തിലുള്ള യൂട്യൂബ് ലോഗോ ആണിത്. 10 ലക്ഷം സബ്സ്‌ക്രൈബര്‍മാരെ ലഭിക്കുന്ന ചാനലിന് സ്വര്‍ണനിറത്തിലുള്ള ലോഗോ അടങ്ങുന്ന ഗോള്‍ഡ് ക്രിയേറ്റര്‍ അവാര്‍ഡും ഒരു കോടി സബ്സ്‌ക്രൈബര്‍ മാരെ ലഭിക്കുന്ന ചാനലിന് വജ്രരൂപത്തിലുള്ള ലോഗോ അടങ്ങുന്ന ഡയമണ്ട് അവാര്‍ഡുമാണ് നല്‍കുക.

ടിസീരീസ്, പ്യൂഡൈപീ (PewDiepie) എന്നീ യൂട്യൂബ് ചാനലുകള്‍ ഈ പരിധികളെല്ലാം മറികടന്ന് പത്ത് കോടി സബ്സ്‌ക്രൈബര്‍മാരെ സ്വന്തമാക്കി. ഇതോടെയാണ് യുട്യൂബ് പുതിയ അവാര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.

Top