യൂട്യൂബ് ഓരോ മണിക്കൂറിലും എടുത്ത് നോക്കുന്ന വിദ്വാന്‍മാരാണ് നമ്മള്‍. ഗൂഗിളിന്റെ വിവിധ ബിസിനസ്സ് യൂണിറ്റുകളില്‍ ഒന്നാണ് യൂട്യൂബ്. ഈ വീഡിയോ സ്ട്രീമിംഗ് സൈറ്റ് ഉള്‍പ്പെടെ ഗൂഗിളിന്റെ ബിസിനസ്സ് യൂണിറ്റുകള്‍ ആല്‍ഫബെറ്റ് എന്ന കമ്പനിക്ക് കീഴിലാണ് വരുന്നത്. എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്ന ഈ കമ്പനിയുടെ വരുമാനം എത്രയായിരിക്കും? ആ ചോദ്യത്തിന് ആദ്യമായി ആല്‍ഫബെറ്റ് മറുപടി നല്‍കുന്നു. 2019 വര്‍ഷത്തില്‍ 15 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ പരസ്യ വരുമാനം, ഏകദേശം ഒരു ലക്ഷം കോടി ഇന്ത്യന്‍ രൂപ!
യൂട്യൂബ് പരസ്യ വില്‍പ്പന 36% വര്‍ദ്ധനവാണ് നേടിയിരിക്കുന്നത്. 2017 മുതല്‍ 86 ശതമാനം വര്‍ദ്ധനവും നേടി. ഇതുവരെയുള്ള പരസ്യ ബിസിനസ്സിന്റെയും, യൂട്യൂബ്, ക്ലൗഡ്, സേര്‍ച്ച് തുടങ്ങിയ ഗൂഗിള്‍ ബിസിനസ്സിന്റെ മറ്റ് മേഖലകളുടെ വരുമാനവും ചേര്‍ത്താണ് കമ്പനി വിവരങ്ങള്‍ പങ്കുവെച്ചിരുന്നത്. ‘ഞങ്ങളുടെ ബിസിനസ്സും, അവസരങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഈ വിവരങ്ങള്‍ വേര്‍തിരിച്ച് പരസ്യപ്പെടുത്തുകയാണ്’- സിഎഫ്ഒ റൂത്ത് പൊറാത് വ്യക്തമാക്കി.
ഡിസംബര്‍ അവസാനിക്കുന്ന മൂന്ന് മാസക്കാലത്തെ വരുമാനം സംബന്ധിച്ച് വാള്‍ സ്ട്രീറ്റ് അനലിസ്റ്റുകള്‍ പ്രവചിച്ച പരിധി തലനാരിഴയ്ക്ക് നഷ്ടമായതോടെ കമ്പനിയുടെ സ്റ്റോക്കുകള്‍ 5% താഴ്ന്നു. ഈ പാദത്തില്‍ 46 ബില്ല്യണ്‍ ഡോളറാണ് ആല്‍ഫബെറ്റിന്റെ ആകെ വരുമാനം. അനലിസ്റ്റുകള്‍ 46.9 ബില്ല്യണ്‍ ഡോളറാണ് പ്രവചിച്ചത്. അതേസമയം ലാഭം വാള്‍ സ്ട്രീറ്റിന്റെ പ്രതീക്ഷകള്‍ക്ക് മുകളിലാണ്. ഓരോ ഓഹരിയിലും 15.35 ഡോളറാണ് ആല്‍ഫബെറ്റിന്റെ വരുമാനം, അനലിസ്റ്റുകള്‍ ഇത് 12.53 ഡോളറാണ് കണക്കാക്കിയത്.
ഗൂഗിളിന്റെ പ്രധാന ബിസിനസ്സായ ‘ഗൂഗിള്‍ സേര്‍ച്ച് & അതര്‍’ ഇപ്പോഴും ആല്‍ഫബെറ്റിന്റെ 60% ബിസിനസ്സ് ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ ബിസിനസ്സ് സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയവര്‍ക്കുള്ള മറുപടിയായി മാറുകയാണ് ലാഭക്കണക്കുകള്‍. ഗൂഗിളിന്റെ സേര്‍ച്ച് അല്ലാതെയുള്ള മറ്റ് ബിസിനസ്സുകള്‍ മാറുന്ന കാലത്ത് എത്രത്തോളം വരുമാനം നേടുമെന്ന് വിദഗ്ധര്‍ ആശങ്ക ഉന്നയിച്ചിരുന്നു.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വരുമാന കണക്കുകള്‍ പുറത്തുവിടുന്നത്. സുതാര്യത ഉറപ്പാക്കാനുള്ള ഗൂഗിളിന്റെയും, ആല്‍ഫബെറ്റിന്റെയും ഈ നീക്കങ്ങളെ കൈയടിയോടെയാണ് അനലിസ്റ്റുകള്‍ സ്വീകരിച്ചത്. ഈ വര്‍ഷത്തെ യൂട്യൂബിന്റെ പരസ്യ ബിസിനസ്സ് ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബ്രാന്‍ഡ് പരസ്യങ്ങളാണ് പ്രധാനമായും ഉപയോഗിച്ചത്. കൂടാതെ പ്രൊഡക്ട് റിവ്യൂ വീഡിയോകളില്‍ ക്ലിക്ക്-ടു-ബൈ പരസ്യങ്ങളും പ്രധാനമായി ഉപയോഗിക്കപ്പെട്ടു.
‘യൂട്യൂബ് പരസ്യവരുമാനം ആദ്യമായി ഗൂഗിള്‍ പങ്കുവെയ്ക്കുന്നുവെന്നത് വലിയ വാര്‍ത്തയാണ്. നിക്ഷേപകര്‍ക്ക് വിലയേറിയ വിവരങ്ങളാണ് ഇത് നല്‍കുക. ഈ റിപ്പോര്‍ട്ട് പ്രകാരം യൂട്യൂബ് ശക്തമായി വളരുകയാണ്, മുന്‍പ് കരുതിയതിലും വലിയ തോതില്‍ വരുമാനവും വളരുന്നു’- ഇ-മാര്‍ക്കറ്റര്‍ അനലിസ്റ്റ് നിക്കോള്‍ പെറിന്‍ പറഞ്ഞു. പരസ്യ ഇതര വരുമാനത്തില്‍ 3 ബില്ല്യണ്‍ ഡോളറും യൂട്യൂബ് നേടി. സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ളവയില്‍ നിന്നാണ് ഇതെന്ന് പിച്ചൈ വ്യക്തമാക്കി.
യൂട്യൂബ് മ്യൂസിക്കിലും, പ്രീമിയം പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണവും ചേര്‍ന്ന് 20 മില്ല്യണ്‍ വരിക്കാരായെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. ഈ വരുമാന നേട്ടത്തിനൊപ്പം ചെലവുമുണ്ടെന്ന് ഗൂഗിളിന്റെ പൊറാട്ട് വ്യക്തമാക്കി. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുന്ന വരുമാനവും, ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവും, മറ്റ് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനും ചെലവുകളുണ്ട്.
ഗൂഗിള്‍ ക്ലൗഡാണ് വളര്‍ച്ചയ്ക്കായി ശ്രമിക്കുന്ന മറ്റൊരു ബിസിനസ്സ് മേഖല. ക്ലൗഡ് മാര്‍ക്കറ്റില്‍ എതിരാളികളായ ആമസോണ്‍ വെബ് സര്‍വ്വീസിനും, മൈക്രോസോഫ്റ്റ് അസ്യൂറിനും പിന്നില്‍ വിദൂരമായ മൂന്നാം സ്ഥാനത്താണ് ഗൂഗിള്‍. 2019 വര്‍ഷത്തില്‍ 9 ബില്ല്യണ്‍ ഡോളറിന് അടുത്താണ് ഗൂഗിള്‍ ക്ലൗഡിന്റെ വരുമാനം. ആമസോണിന്റെ കഴിഞ്ഞ പാദത്തിലെ മാത്രം വരുമാനം ഇത്രയും വരും. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ക്ലൗഡ് വരുമാനം ഇരട്ടിയായെന്നാണ് പിച്ചൈ വ്യക്തമാക്കുന്നത്. ക്ലൗഡ് വിപണിയിലും വളര്‍ച്ച നേടുന്നുവെന്നത് ഗൂഗിളിന് നേട്ടമായി മാറുകയാണ്.