ചെറുവീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഷോര്‍ട്‌സ് എന്ന സേവനം ആരംഭിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങളുമായി യൂട്യൂബ്. ‘ക്ലിപ്‌സ്’ എന്ന പേരില്‍ പുതിയ സംവിധാനമാണ് ഉപയോക്താക്കൾക്ക് വേണ്ടി യൂട്യൂബ് ഒരുക്കുന്നത്. യൂട്യൂബ് വീഡിയോകളില്‍നിന്നും അഞ്ച് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകള്‍ ലിങ്കുകളായി മറ്റ് പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. ലൈവ് വീഡിയോകളും ഈ രീതിയില്‍ പങ്കുവെക്കാനാവും.
വീഡിയോ പ്ലെയറിന് താഴെ ഇതിനായി പ്രത്യേകം ക്ലിപ്‌സ് ബട്ടന്‍ നല്‍കും. ഇതില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഭാഗം ക്രോപ്പ് ചെയ്ത് തിരഞ്ഞെടുക്കാം. അഞ്ച് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ തിരഞ്ഞെടുക്കാം. ഈ ക്ലിപ്പിന് ഒരു പേര് കൂടി നല്‍കിയാല്‍. ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യാം. തുറന്നുവരുന്ന വിന്‍ഡോയില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള ഫോണിലെ ഫയല്‍ ഷെയറിങ് സംവിധാനങ്ങള്‍ കാണാനാവും. അതില്‍ വേണ്ടത് തിരഞ്ഞെടുത്ത് പങ്കുവെക്കാനാവുന്നതാണ് സംവിധാനം.