ബെംഗളൂരു: ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. നാളെ വൈഎസ്ആര്‍ടിപി എന്ന തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താനിരിക്കുകയാണ് വൈ എസ് ശര്‍മിള. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്ക് എതിരെ പാര്‍ട്ടിയുടെ മുഖമായി ഇരുവരെയും നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.
2009-ല്‍ വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത് ആന്ധ്രയില്‍ കോണ്‍ഗ്രസിന് വലിയ ആഘാതമായിരുന്നു. അതിലും വലിയ ആഘാതമായിരുന്നു, മകന്‍ ജഗന്‍മോഹന് മുഖ്യമന്ത്രി പദവി കൊടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് വൈഎസ്ആറിന്റെ ഭാര്യ വൈ എസ് വിജയമ്മ തന്റെ രണ്ട് മക്കളെയും കൂട്ടി പാര്‍ട്ടി വിട്ടത്. ആന്ധ്രയൊട്ടാകെ മക്കളെയും കൂട്ടി വിജയമ്മ നടത്തിയ ‘പ്രജാ സങ്കല്‍പ’ എന്ന പദയാത്ര അന്ന് ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ വേരറുത്തു.
വലിയ വിജയത്തോടെ 2019-ല്‍ ജഗന്‍മോഹന്‍ മുഖ്യമന്ത്രിയുമായി. ജഗന്‍മോഹന്റെ വിജയത്തിന് പിന്നിലെ പ്രധാന സാന്നിധ്യമായിരുന്ന അമ്മ വിജയമ്മ ഭര്‍ത്താവിന്റെ പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക് തിരികെ വരികയാണ്. മകള്‍ വൈ എസ് ശര്‍മിളയോടൊപ്പം ജഗന്‍മോഹനെതിരെ പ്രധാനമുഖമായി വിജയമ്മയും ഉണ്ടാകും. ഇതുവരെ ഒരേ സംസ്ഥാനത്ത് വൈ എസ് ആറിന്റെ രണ്ട് മക്കളും പരസ്പരം മത്സരിച്ചിട്ടില്ല. ശര്‍മിളയുടെ പ്രവര്‍ത്തനമണ്ഡലം തെലങ്കാനയായിരുന്നു.
എന്നാല്‍ ഇത്തവണ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്ന ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജഗന്‍മോഹന്‍ റെഡ്ഡിയാകട്ടെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാര്‍ഥിപ്പട്ടികകള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ എതിരാളികളായി നില്‍ക്കാന്‍ തീരുമാനിക്കുമ്പോഴും ജഗനെ കണ്ട് മകന്റെ വിവാഹം ക്ഷണിക്കാന്‍ പോകുമെന്ന് ശര്‍മിള പറയുന്നു. ആന്ധ്രയുടെ രാഷ്ട്രീയസമവാക്യങ്ങളില്‍ ഈ ചുവടുമാറ്റം എന്തെല്ലാം മാറ്റം വരുത്തുമെന്നതാണ് നിര്‍ണായകമായ ചോദ്യം.