ആന്ധ്രയ്ക്കു പ്രത്യേക പദവി ; വൈഎസ്ആര്‍ കോൺഗ്രസ് എംപിമാർ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ജഗൻമോഹൻ റെഡ്ഡി

അമരാവതി: ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കണമെന്നാവശ്യവുമായി ബജറ്റ് സമ്മേളനം തീരുന്ന ദിവസം എല്ലാ പാര്‍ട്ടി എംപിമാരും രാജിവയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി. ഗുണ്ടൂരില്‍ പാര്‍ട്ടി പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും ജഗന്‍ മോഹന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ നിന്ന് ആന്ധ്രഭവനു മുന്നിലേക്കു പ്രകടനമായെത്തിയായിരിക്കും നിരാഹാരം ആരംഭിക്കുക. ആറ് ലോക്സഭാ എംപിമാരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്.

ഡല്‍ഹിയില്‍ സമരം തുടങ്ങുന്ന അന്നു മുതല്‍ ആന്ധ്രയിലും റിലേനിരാഹാരം ആരംഭിക്കും. വിദ്യാര്‍ഥികള്‍ സര്‍വകലാശാലകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിധ മണ്ഡലങ്ങളിലുമായിരിക്കും ഉപവസിക്കുക. വൈഎസ്ആര്‍ കോണ്‍ഗ്രസിനു കീഴിലെ എല്ലാ വിഭാഗങ്ങളും ഉപവാസത്തില്‍ പങ്കാളികളാകുമെന്നും ജഗന്‍ മോഹന്‍ പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷമായി ആന്ധ്രയുടെ പ്രത്യേക പദവിക്കു വേണ്ടി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു യാതൊന്നും ചെയ്തിട്ടില്ലന്നും ഇപ്പോള്‍ ദുര്‍ബല വാദങ്ങളുന്നയിച്ച് മുന്നോട്ടു വന്നിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രത്തിനു മുന്നിലും നായിഡു കാര്യമായ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ജഗന്‍ മോഹന്‍ ആരോപിച്ചു.

Top