ജഗൻമോഹനെ ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടി, വിധിയെഴുത്തിന് ശേഷമുള്ള ഒരു തന്ത്രം

ന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി ഒരു ദൗത്യത്തിലാണ്. അത് കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞ മണ്ണില്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വാരിക്കൂട്ടുക എന്ന നടക്കാത്ത സ്വപ്നമല്ല. മറിച്ച് തിരഞ്ഞെടുപ്പ് വിധി വന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം മുന്നില്‍ കണ്ടാണ് ഈ കരുനീക്കം. ആന്ധ്രയില്‍ ഇത്തവണ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ആധിപത്യമാണ് പുറത്ത് വന്ന മിക്ക സര്‍വേകളും പ്രവചിക്കുന്നത്. കേന്ദ്രത്തില്‍ തൂക്കു സഭ ഉണ്ടായാല്‍ പ്രാദേശിക പാര്‍ട്ടികളുടെ സഹായം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും അനിവാര്യമാണ്. വിഭജനത്തിനു ശേഷം തെലങ്കാനയില്‍ നിന്നും 17 സീറ്റുകളും ആന്ധ്രയില്‍ നിന്നും 25 സീറ്റുകളുമാണ് ലോകസഭയിലുള്ളത്. ഇരു സംസ്ഥാനത്തും കോണ്‍ഗ്രസ്സ് ഇത്തവണ ഒറ്റക്കാണ് മത്സരിക്കുന്നത്.

തെലങ്കാനയില്‍ നേരത്തെ നിയമസഭ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ആന്ധ്രയില്‍ ലോകസഭ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ കേന്ദ്രത്തില്‍ യു.പി.എക്ക് ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി കരുക്കള്‍ നീക്കുന്നത്.ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ഉമ്മന്‍ ചാണ്ടി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. ആന്ധ്രയിലെ കോണ്‍ഗ്രസ്സ് നേതൃത്വം തന്നെ ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്തുവെങ്കിലും ജഗന്‍ പിടികൊടുത്തിട്ടില്ല.

ഇപ്പോള്‍ ആന്ധ്രയിലെ ഏറ്റവും ജനസ്വാധീനമുള്ള തന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിക്കേണ്ട ഒരു സാഹചര്യവും ഇല്ലന്ന നിലപാടിലാണ് ജഗന്‍ മോഹന്‍. അതേ സമയം തന്റെ പിതാവിന്റെ അടുത്ത സുഹൃത്ത് കൂടി ആയതിനാല്‍ ഉമ്മന്‍ ചാണ്ടിയോട് തിരഞ്ഞെടുപ്പിന് ശേഷം കാണാം എന്ന മറുപടി ജഗന്‍ മോഹന്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍ എണ്ണം തികക്കേണ്ട ഒരു സാഹചര്യം വന്നാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പ് വരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്റ്. അതുകൊണ്ട് തന്നെ ജഗന്‍മോഹനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന കര്‍ക്കശ നിര്‍ദ്ദേശം ഹൈക്കമാന്റും ആന്ധ്ര ഘടകത്തിന് നല്‍കിയിട്ടുണ്ട്. ഇതും ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരമാണ്.

വൈ.എസ്.രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതിനു ശേഷം പാര്‍ട്ടി നേതൃത്വം അവഗണിച്ചതും ദ്രോഹിച്ചതുമാണ് ജഗന്‍മോഹനെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് രൂപീകരണത്തിന് പ്രേരിപ്പിച്ചത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആന്ധ്രയിലെ ശക്തമായ പാര്‍ട്ടിയായി വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് മാറി. ഇപ്പോള്‍ ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണിത്. ജനകീയനായ മുഖ്യമന്ത്രി എന്നറിയപ്പെട്ട വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പാതയില്‍ തന്നെയാണ് മകന്റെയും യാത്ര. ആന്ധ്രയെ ഇളക്കിമറിച്ച് പിതാവ് നടത്തിയ പദയാത്രയുടെ മോഡല്‍ ഒരു യാത്ര ജഗനും അടുത്തയിടെ നടത്തിയപ്പോള്‍ റെക്കോര്‍ഡ് ജനകൂട്ടമാണ് അനുഗമിച്ചത്. രാജശേഖര റെഡ്ഡിയുടെ പദയാത്ര സിനിമയാക്കിയതിനു പിന്നിലും ജഗന്റെ ബുദ്ധിയായിരുന്നു.

മമ്മുട്ടി നായകനായ ഈ സിനിമ ആന്ധ്രയില്‍ സൂപ്പര്‍ ഹിറ്റാണ്. ജനങ്ങള്‍ക്കിടയില്‍ രാജശേഖര റെഡ്ഡിക്കുള്ള സ്വാധീനം ഇപ്പാഴും ശക്തമായാണ് തുടരുന്നത് എന്നതിനുള്ള ഉദാഹരണം കൂടിയാണ് യാത്രയുടെ ഈ വിജയം. 2004ല്‍ പ്രഥമ യു.പി.എ സര്‍ക്കാറിന് രൂപം നല്‍കുന്നതില്‍ വൈ.എസ്.ആറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ആന്ധ്രയില്‍ നേടിയ വിജയം നിര്‍ണ്ണായകമായിരുന്നു. ഒരിക്കലും വൈ.എസ്.രാജശേഖര റെഡ്ഡി നെഹ്‌റു കുടുംബത്തിന്റെ ദാസനായിരുന്നില്ല. ആര്‍ക്ക് മുന്നില്‍ തലകുനിക്കാത്ത ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

എന്നാല്‍ വൈ.എസ്.ആറിന്റെ മരണത്തെ അദ്ദേഹത്തിന്റെ കുടുംബത്തെ തകര്‍ക്കാനുള്ള അവസരമായാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഉപയോഗപ്പെടുത്തിയത്. ഇതോടെയാണ് ജഗന്‍ മോഹന്‍ സോണിയ്ക്കും അപ്രിയനായത്.ചിദംബരം പോലുള്ളവരുടെ വാക്ക് കേട്ട് ആന്ധ്രയെ വിഭജിക്കുക കൂടി ചെയ്തതോടെ ഇവിടെ കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ തീരുമാനവുമായി. ഒരു ലോകസഭ സീറ്റില്‍ പോലും സ്വന്തം നിലക്ക് വിജയിക്കാന്‍ ശേഷിയില്ലാത്ത സാഹചര്യമാണ് ആന്ധ്രയിലും തെലങ്കാനയിലും കോണ്‍ഗ്രസ്സിന് നിലവിലുള്ളത്. അതായത് ചാരത്തില്‍ നിന്നും അത്ഭുതം കാട്ടാനാണ് ആന്ധ്രയിലേക്ക് രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ അയച്ചതെന്നത് വ്യക്തം. വോട്ട് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇപ്പോള്‍ ‘കൂട്ട്’ രാഷ്ട്രീയം ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി പയറ്റുന്നത്.

ഏത് വിധേയനേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ യു.പി.എയില്‍ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. ഈ ദൗത്യം വിജയിച്ചാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിലെ സൂപ്പര്‍ പവറായി ഉമ്മന്‍ചാണ്ടി മാറും.അതേസമയം ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തിന് തടയിടാന്‍ മലയാളിയായ ദേശീയ സമിതി അംഗം വി.മുരളീധരനെയാണ് ബി.ജെ.പി ആന്ധ്രയില്‍ നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പിയും ലക്ഷ്യമിടുന്നത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെയാണ്.തിരഞ്ഞെടുപ്പിന് ശേഷം ജഗനെ എന്‍.ഡി.എയില്‍ എത്തിക്കാനാണ് മുരളീധരന്റെ ശ്രമം. ഭരണ കക്ഷിയായ തെലങ്കദേശം ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്നാണ് കോണ്‍ഗ്രസ്സിനെ പോലെ തന്നെ ബി.ജെ.പിയും വിലയിരുത്തുന്നത്.

Top