ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നൗ തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിംഗ് മാള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. ഭക്ഷ്യ-സംസ്‌കരണ റീട്ടെയില്‍ മേഖലകളില്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി യൂസഫലി അറിയിച്ചു. ഇതുള്‍പ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയില്‍ നടത്തിയത്.
കൂടുതല്‍ ആളുകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ ഉത്തേജക പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം പുത്തനുണര്‍വ്വാണ് കൈവരിച്ചതെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രവാസികളായ നിരവധി നിക്ഷേപകര്‍ രാജ്യത്ത് കൂടുതലായി മുതല്‍ മുടക്കാന്‍ തയ്യാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സര്‍ക്കാരിന്റെ പുതിയ നയമാണ്.
നോയിഡയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് ഇതിനാവശ്യമായ സ്ഥലം അനുവദിച്ചത്. കശ്മീരില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കശ്മീര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ആവശ്യകതയാണ് ഗള്‍ഫ് നാടുകളിലുള്ളത്. ഗുജറാത്തില്‍ പുതിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.
രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നത് കര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും പ്രധാനമന്ത്രി നേര്‍ന്നതായി യൂസഫലി അറിയിച്ചു.