മാഡ്രിഡ്: റയല്‍ മാന്‍ഡ്രിഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയപ്പോള്‍ യുവന്റസിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ക്രിസ്റ്റ്യാനോയുടെ മാന്ത്രിക ബൂട്ടുകള്‍ കൊണ്ട് യൂറോപ്പിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണമെന്ന്.
എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് അത്‌ലറ്റിക്കോ മാഡ്രിഡിനോട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റസിന് തോല്‍വി സമ്മതിക്കേണ്ടി വന്നപ്പോള്‍ അതീവ നിരാശനായാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. ക്രിസ്റ്റ്യാനോയ്ക്ക് കാര്യമായി ലഭിച്ചത് ഒരൊറ്റ അവസരം മാത്രമായിരുന്നു. 35 വാര അകലെ നിന്നെടുത്ത ആ ഷോട്ടാവട്ടെ ഗോളി കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
കളിക്കളത്തില്‍ നിന്നും നിരാശനായി മടങ്ങുമ്പോള്‍ മാനംപോയ തോല്‍വിക്ക് ആരാധകരോട് അരിശം തീര്‍ക്കാന്‍ മറന്നില്ല പോര്‍ച്ചുഗീസ് നായകന്‍. മിക്‌സഡ് ഏരിയയില്‍ എത്തിയപ്പോള്‍ വലതു കൈ കൊണ്ട് അഞ്ചെന്ന് ഗ്യാലറികളെ നോക്കി കാണിച്ചാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്.
അഞ്ചെന്നാല്‍ മറക്കേണ്ട… താന്‍ അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട് എന്നര്‍ഥം. 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടിയും പിന്നീട് നാലു തവണ റയല്‍ മാഡ്രിഡിനുവേണ്ടിയുമാണ് ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് നേടിയത്. 2014, 16 17, 18 വര്‍ഷങ്ങളിലാണ് ക്രിസ്റ്റ്യാനോയുടെ മിടുക്കില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. ഇതില്‍ 2014ലിലും 16ലിലും അത്‌ലറ്റിക്കോയായിരുന്നു ഫൈനലില്‍ റയലിന്റെ എതിരാളി. 2017ല്‍ ഇപ്പോഴത്തെ ടീം യുവന്റസും.
ചാമ്പ്യന്‍സ് ലീഗ് മാത്രമല്ല, അഞ്ചു തവണ ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ഡിയോര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ. 2008, 2013, 2014, 2016, 2017 വര്‍ഷങ്ങളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ബാലണ്‍ഡിയോര്‍ നേട്ടം. ലയണല്‍ മെസ്സി മാത്രമാണ് ഈ കണക്കില്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം.