കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്

YUVARAJ SING

2022 ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 150 റണ്‍സ് നേടിയതിന്റെ വിഡിയോ പങ്കുവെച്ചാണ് പിച്ചിലേക്ക് മടങ്ങിവരുന്ന കാര്യം അറിയിച്ചത്.

‘ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഞാന്‍ ഫെബ്രുവരിയില്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു വല്ലാത്ത അനുഭവമാണ്. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. നമ്മുടെ ടീമിനെ പിന്തുണക്കുന്നത് തുടരുക. ഒരു യഥാര്‍ത്ഥ ആരാധകന്‍ പ്രയാസകരമായ സമയങ്ങളിലും അവരുടെ പിന്തുണ ഉറപ്പാക്കും’ -വിഡിയോക്ക് അടിക്കുറിപ്പായി യുവരാജ് എഴുതി

2000ല്‍ നെയ്റോബിയില്‍ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച യുവരാജ് 17 വര്‍ഷത്തോളം ഇന്ത്യക്കായി കളിച്ചു. 2017 ജൂണ്‍ 30ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നോര്‍ത്ത് സൗണ്ടില്‍ നടന്ന ഏകദിനത്തിലാണ് അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ചത്. പിന്നീട് 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

2011ലെ ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് യുവരാജ് സിങ്ങിനായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം രോഗത്തെ ബൗണ്ടറി കടത്തിയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ട്വന്റി20കളിലുമായി 17 സെഞ്ചുറികളും 71 അര്‍ധസെഞ്ചുറികളും സഹിതം 11,000 റണ്‍സ് തികച്ചിട്ടുണ്ട് താരം. 39കാരനായ യുവരാജ് 148 വിക്കറ്റും വീഴ്ത്തി.

 

 

Top