ഐപിഎല്‍ ലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന യുവരാജ് സിങ്ങിനെ അവസാനം മുംബൈ ഇന്ത്യന്‍സ് ഒരു കോടി രൂപ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കിയത് ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ ആ സന്തോഷ പ്രകടനം അധികം നീണ്ടു നിന്നില്ല അന്ന് യുവിയെ സ്‌നേഹം കൊണ്ട് മൂടിയ ആരാധകര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സില്‍ എത്തിയതിന് പിന്നാലെ രഞ്ജി ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ നിന്നും യുവി പിന്മാറിയതിനെതിരെ വിമര്‍ശനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.ഈ രഞ്ജി ട്രോഫി സീസണില്‍ മൂന്ന് മത്സരങ്ങളില്‍ യുവി പഞ്ചാബ് ടീമിനൊപ്പമുണ്ടായെങ്കിലും ഐപിഎല്‍ ലേലം കഴിഞ്ഞതിന് പിന്നാലെ ടീമില്‍ നിന്നും പിന്‍വാങ്ങി. ഹൈദരാബാദിനെതിരായ പഞ്ചാബിന്റെ അടുത്ത മത്സരത്തില്‍ യുവി കളിക്കില്ല. ഐപിഎല്‍ താര ലേലത്തിന് തലേദിവസം പഞ്ചാബിന് വേണ്ടി 41 റണ്‍സ് സ്‌കോര്‍ ചെയ്ത യുവി തമിഴ്‌നാടിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.
മികച്ച ഒരിടം കിട്ടിയപ്പോള്‍ പഴയ വഴി മറന്നതിനാണ് യുവിയെ ഇപ്പോള്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്. രഞ്ജിയില്‍ ഹൈദരാബാദിനെതിരായ മത്സരം പഞ്ചാബിന് നിര്‍ണായകമായി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ടീമില്‍ നിന്ന് പിന്മാറിയ യുവി ഈ സമയം ഹംഗറിയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ക്രിസ്മസ് ആഘോഷിക്കുവാനാണ് തിരഞ്ഞെടുത്തത്. യുവിയുടെ ഈ നിലപാടിനെതിരെ വിമര്‍ശനം ഉയരുകയാണ്.