Yuvraj, Mathews, Karthik released ahead of IPL 2016

ന്യൂഡല്‍ഹി: യുവരാജ് സിംഗിനെ ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നിലനിര്‍ത്തിയില്ല. ഇതോടെ ഐപിഎല്‍ ഒമ്പതാം സീസണിനു മുന്നോടിയായി ഫെബ്രുവരിയില്‍ നടക്കുന്ന താരലേലത്തില്‍ യുവിയും ഉള്‍പ്പെടും.

കഴിഞ്ഞ പതിപ്പില്‍ 16 കോടി രൂപയ്ക്കാണ് ഡല്‍ഹി യുവരാജിനെ സ്വന്തമാക്കിയത്. എന്നാല്‍, ഫോം കണ്ടെത്താന്‍ താരത്തിനു കഴിയാതിരുന്നതോടെയാണ് യുവിയെ വിട്ടുകൊടുക്കാന്‍ ഡല്‍ഹി തീരുമാനിച്ചത്.

യുവരാജിനൊപ്പം, ശ്രീലങ്കന്‍ മുന്‍ നായകന്‍ ആഞ്ചെലോ മാത്യൂസിനെയും ഡല്‍ഹി ടീം കൈവിട്ടു. ഏഴര കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണില്‍ മാത്യൂസിനെ ലേലം കൊണ്ടത്. ഇവരെക്കൂടാതെ ദിനേഷ് കാര്‍ത്തിക് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍), ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഇഷാന്ത് ശര്‍മ, കെവിന്‍ പീറ്റേഴ്‌സണ്‍(സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ആരോണ്‍ ഫിഞ്ച്(മുംബൈ ഇന്ത്യന്‍സ്), വീരേന്ദര്‍ സേവാഗ്, ജോര്‍ജ് ബെയ്‌ലി(കിംഗ്‌സ് ഇലവന്‍ പഞ്ചാബ്) എന്നിവരും ലേലത്തിനുണ്ടാകും.

ഫെബ്രുവരി ആറിന് ബംഗളൂരുവില്‍ നടക്കുന്ന താരലേലത്തില്‍ നിലവിലുള്ള ആറു ഫ്രാഞ്ചൈസികള്‍ക്കൊപ്പം പുതിയ ടീമുകളായ പൂനയും രാജ്‌കോട്ടും പങ്കെടുക്കും. ഏപ്രില്‍ ഒമ്പതു മുതല്‍ മേയ് 23 വരെയാണ് ഐപിഎല്‍ ഒമ്പതാം സീസണ്‍.

Top