ബുംറയെപ്പോലെ ഈ തലമുറയില്‍ ഒരു കളിക്കാരന്‍ മാത്രമേ ഉണ്ടാകൂ; യുവരാജ് സിങ്

ന്യൂഡല്‍ഹി: ടെസ്റ്റ് ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് നേടിയ പേസ് ബോളര്‍ ജസ്പ്രീത് ബുംറയുമായി കളിക്കളം പങ്കുവച്ച അനുഭവം വെളിപ്പെടുത്തി യുവരാജ് സിങ്. 2013ലെ രഞ്ജി ട്രോഫിയിലാണ് യുവി ആദ്യമായി ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പന്തുകളെ നേരിട്ടത്.

“ബുംറ ക്ലാസ് ബോളറാണ്. ബുംറയെപ്പോലെ ഈ തലമുറയില്‍ ഒരു കളിക്കാരന്‍ മാത്രമേ ഉണ്ടാകൂ. 2013ലെ രഞ്ജി ട്രോഫിയില്‍ മൊഹാലിയില്‍വച്ചാണ് ആദ്യമായി ബുംറയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്നത്. നാല് ഓവറുകളാണ് അന്ന് ബുമ്രയില്‍നിന്നു നേരിടേണ്ടിവന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നിര്‍ണായക ഘടകമായി അയാള്‍ മാറുമെന്ന് എനിക്ക് അന്നേ ഉറപ്പുണ്ടായിരുന്നു” എന്നാണ് ഒരു ദേശീയ മാധ്യമത്തോടു യുവരാജ് സിങ് വ്യക്തമാക്കിയത്.

“ബുംറ എങ്ങനെ ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങുമെന്നായിരുന്നു പലരുടെയും സംശയം. അദ്ദേഹത്തിന്റെ ബോളിങ് സ്‌റ്റൈലായിരുന്നു അതിനു കാരണം. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം നടത്തി അദ്ദേഹം വിമര്‍ശകരെ നിശബ്ദരാക്കുകയാണ്. നിലവില്‍ അദ്ദേഹം മറ്റു ബോളര്‍മാര്‍ക്ക് ഏറെ മുകളിലാണെന്നും” യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ബുംറ ഹാട്രിക് നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 44-ാം ഹാട്രിക്കക്കാണ് ബുംറ തന്റെ പേരിലാക്കി മാറ്റിയത്. നിലവിലെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ബുംറയാണ്. ടെസ്റ്റില്‍ 11 മല്‍സരങ്ങളില്‍നിന്ന് 55 വിക്കറ്റുകളാണ് ബുംറ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

2016 ജനുവരിയിലാണ് ജസ്പ്രീത് ബുംറ ഏകദിന, ട്വന്റി- 20 ക്രിക്കറ്റുകളില്‍ എത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 2018ല്‍ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറി. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബുംറയുടെ പ്രകടനത്തില്‍ പലരും സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ മൂന്ന് മല്‍സരങ്ങളില്‍നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബുംറ ഇതിന് ഉത്തരം നല്‍കിയത്.

Top