ജയ്പുര്‍: അടുത്ത വര്‍ഷത്തേക്കുള്ള ഐപിഎല്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള താരലേലമായിരുന്നു ഇന്നലെ നടന്നത്. മത്സരത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടൊരു കാര്യമാണ് അവസാന നിമിഷം വരെ ലേലത്തില്‍ പോകാതെ യുവരാജ്നിന്നത്. പിന്നീട് വെറും ഒരു കോടി രൂപയ്ക്ക് താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു.
ഇപ്പോള്‍ ഇതാ യുവരാജ് സിംഗിനെപ്പോലെ ഒരു താരത്തെ സ്വന്തമാക്കാനായത് ഐപിഎല്‍ താരലേലത്തിന്റെ ചരിത്രത്തില്‍ത്തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടീം ഉടമ ആകാശ് അംബാനി.
ജയ്പുരില്‍ നടന്ന താരലേലത്തിനു ശേഷമാണ് ആകാശിന്റെ പ്രതികരണം.സത്യസന്ധമായി പറഞ്ഞാല്‍, യുവരാജിനും മലിംഗയ്ക്കുമായി കൂടുതല്‍ പണം ഞങ്ങള്‍ മാറ്റിവച്ചിരുന്നു. എന്നിട്ടും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാന്‍ സാധിച്ചത് 12 വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിന്റെ ചരിത്രത്തില്‍ത്തന്നെ മുംബൈയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്. ഒരു താരത്തിന് കരിയറില്‍ നേടാന്‍ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജെന്ന് ഓര്‍ക്കണം ആകാശ് അംബാനി പറഞ്ഞു.
യുവരാജിനും മലിംഗയ്ക്കും മുംബൈ ഇന്ത്യന്‍സില്‍ കൃത്യമായ റോളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബോളറായിരുന്ന മലിംഗയെയും അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് മുംബൈ വീണ്ടും ടീമിലെത്തിച്ചത്.ആദ്യഘട്ടത്തില്‍ ആരും വാങ്ങാതെ പോയ യുവരാജിനെ, രണ്ടാമതും ലേലത്തില്‍ വച്ചപ്പോഴാണ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയത്. അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാനാണ് ലേലത്തില്‍ മുംബൈ ശ്രമിച്ചതെന്നും ആകാശ് പറഞ്ഞു.