മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരാൻ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനു ബിസിസിഐയുടെ സമ്മതം ലഭിച്ചില്ലെന്ന് റിപ്പോർട്ട്. 2019ലായിരുന്നു യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം കാനഡ ഗ്ലോബല്‍ ടി20യില്‍ കളിക്കാന്‍ യുവരാജിന് അനുമതി ലഭിച്ചിരുന്നു. അതിന് ശേഷമാണ് പഞ്ചാബിനു വേണ്ടി വീണ്ടും കളിക്കാന്‍ യുവരാജ് ആഗ്രഹം പ്രകടിപ്പിച്ചത്. നേരത്തെ പഞ്ചാബിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവരാജ് സിങ്ങും ടീമിന്റെ ഭാഗമായിരുന്നു. ഇതിനായി അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തിരുന്നു.
ജനുവരി 10 മുതല്‍ 31വരെയാണ് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി നടക്കുന്നത്. ഇത്തവണ പഞ്ചാബിനെ മന്ദീപ് സിങ്ങാവും നയിക്കുക. 304 ഏകദിനത്തില്‍ നിന്നും 8701 റണ്‍സും നേടിയിട്ടുള്ള യുവി 58 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1177 റണ്‍സും 28 വിക്കറ്റുമാണ് യുവരാജിന്റെ അക്കൗണ്ടിലുള്ളത്.