ഇസഡ് കാറ്റഗറി സുരക്ഷ, 33 അംഗരക്ഷകർ; ഗൗതം അദാനിക്ക് സുരക്ഷ ഉയർത്തി കേന്ദ്രം

ഡൽഹി: രാജ്യത്തെ അതിസമ്പന്നരിൽ രണ്ടാമനും വൻ വ്യവസായ പ്രമുഖനുമായ ഗൗതം അദാനിയുടെ സുരക്ഷ കേന്ദ്രസർക്കാർ ഉയർത്തി. ഇദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി 33 അംഗരക്ഷകരെയും അനുവദിച്ചു. മുകേഷ് അംബാനിക്ക് പിന്നാലെ ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രണ്ടാമത്തെ ബിസിനസുകാരനാണ് ഗൗതം അദാനി. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ അതിസമ്പന്നനായ ഗൗതം അദാനിക്ക് 125 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. 2008ൽ താജ് ഹോട്ടലിൽ വച്ച് അദ്ദേഹത്തിന് നേരെ ഭീഷണി ഉണ്ടായിരുന്നു. 1997 ഇദ്ദേഹത്തെ ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തെ സ്വതന്ത്രനാക്കാൻ 11 കോടി രൂപയാണ് അന്ന് പ്രതികൾ ആവശ്യപ്പെട്ടത്.

രാജ്യത്ത് ബിസിനസ് രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്തുന്ന ഗൗതം അദാനിക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്നത് ഏറ്റവും ഉയർന്ന സുരക്ഷയാണ്. ഇദ്ദേഹത്തിന് അംഗരക്ഷകരായി അനുവദിക്കപ്പെട്ടിട്ടുള്ള 33 പേരും ഏറ്റവുമുയർന്ന പരിശീലനം സിദ്ധിച്ചവരാണ്. പോലീസുകാരും സംഘത്തിൽ ഉണ്ടാകും. ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളും ഭീഷണികളും അതിക്രമങ്ങളും അദ്ദേഹത്തിനു നേരെ ഉണ്ടാകുന്നത് തടയുന്നതിനാണ് രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷ തന്നെ അദ്ദേഹത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

വരുമാനത്തിലും മുൻപിലാണ് അദാനി ഗ്രൂപ്പിന് കീഴിലെ പ്രധാനപ്പെട്ട കമ്പനികളിലൊന്നായ അദാനി പവർ ലിമിറ്റഡ്. കമ്പനിയുടെ മൂന്നുമാസത്തെ ലാഭം 4779.86 കോടി രൂപയാണെന്ന് കണക്കുകൾ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ആണ് കമ്പനി ഇത്രയും വലിയ നേട്ടം ഉണ്ടാക്കിയത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ 278.22 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങ്ങിൽ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

Top