തിരുവനന്തപുരം: പൊലീസ് തിരയുന്ന പ്രതിയെ പാര്‍ട്ടി ഓഫീസില്‍ സംരക്ഷിച്ച നടപടിയില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയെന്ന് സൂചന. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് അദ്ദേഹം വ്യക്തമാക്കിയതായാണ് അറിയുന്നത്.
വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ ശേഷം പാര്‍ട്ടി ഏരിയാ കമ്മറ്റി ഓഫീസില്‍ അദ്ദേഹമെത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
പാര്‍ട്ടി ഓഫീസില്‍ കയറി സക്കീറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെങ്കിലും സംസ്ഥാന ആഭ്യന്തര വകുപ്പിന് തന്നെ ഈ സംഭവം നാണക്കേടായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്.
സക്കീര്‍ പാര്‍ട്ടി ഓഫീസിലെത്തിയറിഞ്ഞ് പൊലീസ് പാര്‍ട്ടി ഓഫീസിന് പരിസരത്ത് നിലയുറപ്പിച്ചെങ്കിലും അകത്ത് കയറി അറസ്റ്റ് ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ല.
ഇതുവരെ സക്കീറിനെ അറസ്റ്റ് ചെയ്യാതിരുന്നത് സിപിഎം നേതൃത്വവും പൊലീസും തമ്മിലുള്ള നാടകമായിരുന്നുവെന്ന പ്രതിപക്ഷ പ്രചരണത്തിന് ഇപ്പോഴത്തെ സംഭവം പിന്‍ബലമായിട്ടുണ്ട്.
ഏഴു ദിവസത്തിനകം സക്കീര്‍ ഹുസൈനോട് ഹാജരാവാനാണ് കോടതി ആവശ്യപ്പെട്ടതെന്നും അതിന് ഇനിയും സമയമുണ്ടെന്നുമായിരുന്നു ഇന്നലെ ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റംഗം ടികെ മോഹനന്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ മുഖ്യമന്ത്രി കൂടി നിലപാട് കടുപ്പിച്ചതോടെ സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസിലെത്തിയത് പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.